ഒൻ്റാരിയോയിലുടനീളമുള്ള മുനിസിപ്പാലിറ്റികളിലും രാജ്യതലസ്ഥാനമായ ഓട്ടവയിലും 176 ദിവസം നീണ്ടുനിന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല ഇട്ട് മേയർ, കൗൺസിലർ, സ്കൂൾ ബോർഡ് ട്രസ്റ്റി എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് വോട്ടർമാർ പോളിങ് ബൂത്തിലെത്തും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് രാത്രി 8 മണിക്ക് അവസാനിക്കും.
മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ ഏകദേശം 11.9 ദശലക്ഷം ഒൻ്റാരിയോ നിവാസികൾക്ക് വോട്ടവകാശമുണ്ട്. 2,800 സീറ്റുകളിലേക്കായി 6,670 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ടൊറൻ്റോയിൽ, മേയർ സ്ഥാനത്തേക്ക് 53 പേർ മത്സരിക്കുന്നുണ്ടെങ്കിലും, ബ്രാഡ് ബ്രാഡ്ഫോർഡും ഒലീവിയ ചൗവും തമ്മിലാണ് പ്രധാന മത്സരം. ടൊറൻ്റോയിൽ മിക്ക പോളിങ് ബൂത്തുകളും രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. എന്നാൽ, മിസ്സിസാഗയിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പോളിങ് ബൂത്തുകൾ പ്രവർത്തിക്കുക.
ഓട്ടവയിൽ മേയർ, കൗൺസിലർ, നാല് സ്കൂൾ ബോർഡുകളിലെ ട്രസ്റ്റി എന്നീ സ്ഥാനങ്ങളിലേക്കായി 181 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. കൂടാതെ ഓട്ടവ മേയർ സ്ഥാനത്തേക്ക് 14 പേർ മത്സരിക്കുന്നു. ഓട്ടവയിലെ വോട്ടവകാശമുള്ള 868,248 പേരിൽ ഏകദേശം 10 ശതമാനം പേർ, പ്രത്യേക മുൻകൂർ വോട്ടെടുപ്പ് (Special Advance Voting), മുൻകൂർ വോട്ടെടുപ്പ് ദിവസങ്ങൾ (Advance Voting Days), തപാൽ വോട്ട് (mail-in voting) എന്നിവയിലൂടെ ഇതിനകം തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
വോട്ട് ചെയ്യുന്നതിനായി വോട്ടർമാർ തങ്ങളുടെ പേരും നഗരത്തിലെ സാധുവായ വിലാസവും രേഖപ്പെടുത്തിയിട്ടുള്ള, അംഗീകൃതമായ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. വോട്ടർ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ, പാസ്പോർട്ടിലും വീട്ടു വിലാസം രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ അതും തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല. ഡ്രൈവിങ് ലൈസൻസ്, ഒൻ്റാരിയോ സർക്കാർ നൽകുന്ന ഫോട്ടോ കാർഡ്, പ്രോപ്പർട്ടി ടാക്സ് അസസ്മെൻ്റ് രേഖ, യൂട്ടിലിറ്റി ബിൽ (വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബിൽ), T4 സ്റ്റേറ്റ്മെൻ്റ്, മോർഗെജ് സ്റ്റേറ്റ്മെൻ്റ്, ഒൻ്റാരിയോയിലെ ‘ബാൻഡ് കൗൺസിൽ’ (Band Council) നൽകുന്ന ഏതെങ്കിലും രേഖ എന്നിവ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കും.







