ന്യൂയോർക്കിലെ ക്വീൻസ് റിച്ച്‌മണ്ട് ഹില്ലിൽ അഞ്ചു വയസ്സുകാരിയായ ഫബിയാന കാബെല്ലോ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് ഫ്രാൻസിസ് കാബെല്ലോ (32) അറസ്റ്റിലായി. ഒക്ടോബർ 14-ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. താനാണ് മകളെ കൊലപ്പെടുത്തിയെന്നും കുട്ടി മുകളിലത്തെ നിലയിൽ അബോധാവസ്ഥയിൽ കിടക്കുകയാണെന്നും കാണിച്ച് പ്രതി തന്നെയാണ് പോലീസിൽ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ജമൈക്ക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ച ഫ്രാൻസിസ് കാബെല്ലോയെ പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയുടെ മുഖത്ത് പോറലുകളും കണ്ണ്, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ രക്തസ്രാവത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ ഫ്രാൻസിസ് കാബെല്ലോക്ക് മുൻപും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. മകൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഡോക്ടറുടെ അനുവാദത്തോടെ അവൾ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നുവെന്നും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ മുത്തച്ഛൻ ഫ്രാങ്ക്ലിൻ കാബെല്ലോ വ്യക്തമാക്കി. മകളെ ഏറെ സ്നേഹിച്ചിരുന്ന അമ്മയായിരുന്നു അവളെന്നും ഇങ്ങനെയൊന്ന് ചെയ്യുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചു വയസ്സുകാരിയുടെ വിയോഗത്തിൽ തകർന്നുപോയ പിതാവ് കുൽദീപ് സിങ്, മകളുടെ സംസ്കാര ചടങ്ങുകൾക്കായി പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്.







