വാരാന്ത്യത്തിൽ, വടക്കൻ മാനിറ്റോബയിൽ ശക്തമായ മഴയ്ക്കും കാറ്റിനും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ബ്രോഷെ (Brochet), ചർച്ചിൽ (Churchill), ലീഫ് റാപ്പിഡ്‌സ് (Leaf Rapids), ലിൻ ലേക്ക് (Lynn Lake), പുക്കറ്റവാഗൻ (Pukatawagan), ടാഡൂൾ ലേക്ക് (Tadoule Lake) എന്നീ നഗരങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) അറിയിച്ചു. ഞായറാഴ്ചയോടെ മഞ്ഞുവീഴ്ചയും കാറ്റിന്‍റെ ശക്തിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മേഖലയിൽ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും, 20 മുതൽ 40 മില്ലിമീറ്റർ വരെ മഴയുമാണ് പ്രതീക്ഷിക്കുന്നത്. ബ്രോഷെ, ടാഡൂൾ ലേക്ക് എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാവുക. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, മഞ്ഞുവീഴ്ചയ്‌ക്കൊപ്പം കാറ്റും കൂടി ചേരുമ്പോൾ കാഴ്ചാപരിധി (visibility) കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലിൻ ലേക്ക്, ടാഡൂൾ ലേക്ക്, ബ്രോഷെ എന്നിവിടങ്ങളിൽ ‘ഫ്രീസിങ് റെയിൻ’ (തണുത്തുറയുന്ന മഴ) ഉണ്ടാകാനും സാധ്യതയുണ്ട്.







