കൊല്ലം ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശിയായ നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശിയും ഹാർബറിലെ ശുചിമുറി കരാറുകാരന്റെ ഡ്രൈവറുമായ ശ്യാംജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹാർബറിലെ ശുചിമുറികൾ വാടകയ്ക്ക് നടത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട നിസാർ.
കഴിഞ്ഞ മാസം 30-ാം തീയതി ശുചിമുറി മാലിന്യം നീക്കം ചെയ്യാൻ പമ്പ് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹാവശിഷ്ടങ്ങൾ ആദ്യം കണ്ടത്. പൂർണ്ണമായും ജീർണ്ണിച്ച നിലയിലായിരുന്നതിനാൽ ഇത് മൃഗത്തിന്റെ അവശിഷ്ടമാണെന്നാണ് ആദ്യം കരുതിയതെങ്കിലും, പിന്നീട് ഫോറൻസിക് സർജൻ നടത്തിയ പരിശോധനയിലും തുടർന്ന് നടത്തിയ പരിശോധനയിലും തലയോട്ടി കണ്ടെത്തുകയും മനുഷ്യന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവദിവസം നിസാർ തന്നെ ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രകോപിതനായ ശ്യാംജിത്ത് നിസാറിനെ മർദ്ദിക്കുകയും തുടർന്ന് ശുചിമുറിയിൽ ഉണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിൽ തള്ളിയ പ്രതി, കൊലപാതകത്തിന് ശേഷവും സാധാരണ പോലെ ജോലി തുടർന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.







