കാനഡയിൽ വിദേശികൾ വീട് സ്വന്തമാക്കുന്നതിനു ഏർപ്പെടുത്തിയ നിരോധനം നീട്ടുന്നത് ഫെഡറൽ സർക്കാർ പരിഗണിക്കുന്നതായി ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ. രാജ്യത്ത് വർധിച്ചു വരുന്ന ഭവനക്ഷാമവും വീടുകളുടെ ഉയർന്ന വിലയും കണക്കിലെടുത്ത് 2023 ജനുവരി 1 മുതൽ ഈ നിയമം കാനഡയിൽ പ്രാബല്യത്തിലുണ്ട്. നിലവിലുള്ള നിരോധനം 2027 ജനുവരിയിൽ അവസാനിക്കാനിരിക്കുകയാണ്. ഇത് വീണ്ടും നീട്ടണോ അതോ അവസാനിപ്പിക്കണോ എന്ന കാര്യം ഫെഡറൽ സർക്കാർ ആലോചിച്ചു വരികയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
നേരത്തെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീടുകളുടെ വില വർധിക്കുന്നതിനും സാധാരണക്കാർക്ക് വീട് സ്വന്തമാക്കാൻ സാധിക്കാത്ത സാഹചര്യത്തിനും വിദേശ നിക്ഷേപകരുടെ ഇടപെടൽ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. 2025 ജനുവരിയിൽ അവസാനിക്കേണ്ടിയിരുന്ന ഈ നിയമം, 2024-ൽ രണ്ട് വർഷത്തേക്ക് കൂടി ലിബറൽ സർക്കാർ നീട്ടുകയായിരുന്നു.
എന്നാൽ ഈ വിലക്ക് ദീർഘിപ്പിക്കുന്നത് വിപണിയിലെ നിക്ഷേപ ലഭ്യതയെ ബാധിച്ചേക്കാമെന്ന ആശങ്ക നിർമ്മാണ മേഖലയിലുള്ളവർ പങ്കുവെക്കുന്നു. ഭവന നിർമ്മാണ രംഗത്ത് കൂടുതൽ വികസനം കൊണ്ടുവരുന്നതിനായി ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സമാനമായ മാതൃകകൾ പഠിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. നിർദ്ദിഷ്ട കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ ഔദ്യോഗികമായി പുറത്തുവിടും.







