യുകെ രാജകുടുംബാംഗങ്ങളുടെ ഡോക്ടറായ മൂന്ന് കുട്ടികളുടെ അമ്മ, കുട്ടികളുടെ ഒരു സ്ലീപ്ഓവർ (വീട്ടിൽ ഒത്തുകൂടൽ) സംഘടിപ്പിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ അവളുടെ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി.
ബ്രിട്ടീഷ് രാജാവിന്റെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ നിന്ന് വെറും ഒരു മൈൽ അകലെ, ഡെർഷാമിലെ വീട്ടിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ 45 കാരിയായ ഹന്ന കെയ്‌ന്റെ തലയുടെ ഭാഗത്ത് ഗുരുതരമായ പരുക്കേൽക്കുകയും, കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പ്രോസിക്യൂട്ടർമാർ ബുധനാഴ്ച കോടതിയെ അറിയിച്ചു.
ക്വീൻ കമീല ഉൾപ്പെടെയുള്ളവർ രോഗികളായുണ്ടായിരുന്ന ആ ഡോക്ടർ, തന്റെ കുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും വേണ്ടി വീട്ടിൽ ഒരു സ്ലീപ്ഓവർ സംഘടിപ്പിക്കുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അവളുടെ ഭർത്താവായ 45 കാരൻ മാർക്ക് കെയ്‌നെ കൊലക്കുറ്റത്തിന് പ്രതിചേർത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസമയത്ത് വീട്ടിൽ കുട്ടികൾ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി.
“മൂന്ന് മനോഹരമായ കുട്ടികളുള്ള നല്ലൊരു വ്യക്തി” എന്ന് അയൽവാസികൾ വിശേഷിപ്പിച്ച ഡോ. കെയ്‌ൻ, കിഴക്കൻ ഇംഗ്ലണ്ടിലെ ഗ്രിംസ്റ്റൺ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്നു. അവിടെ കമലയും മറ്റ് രാജകുടുംബാംഗങ്ങളും രോഗികളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരണവിവരം ചാൾസ് രാജാവിനെയും ക്വീൻ കമലയെയും അറിയിച്ചിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭർത്താവ് കുറ്റം നിഷേധിച്ചിട്ടില്ല, കൊലപാതകത്തിന്റെ കാരണം ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, തന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്കൂളിലേക്ക് പോകുന്നതിനിടയിൽ ഡോക്ടറെ മാനസിക സമ്മർദ്ദമുള്ളവളായും അസ്വസ്ഥയായും കണ്ടിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
വളരെ അപൂർവ്വമായി മാത്രം ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുന്ന ഈ സമ്പന്ന പ്രദേശത്ത് സംഭവിച്ച കാര്യങ്ങളിൽ നാട്ടുകാരും അയൽവാസികളും കടുത്ത ഞെട്ടലിലാണ്. സുരക്ഷിതമായ ഈ പ്രദേശത്ത് ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് വിശ്വസിക്കാനാകാതെ വിഷമിക്കുകയാണ് നാട്ടുകാർ.







