പൊതു-സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് പൂട്ടിടാൻ ഒരുങ്ങി ആൽബർട്ട സർക്കാർ. നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയാൻ ശിക്ഷ കർശനമാക്കുന്ന പുതിയ നിയമം ഈ വർഷം നടപ്പിലാക്കുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. പീസ് ഓഫീസർമാരുടെ മുൻഗണനാ വിഷയങ്ങളിലൊന്നായി ഇതിനെ മാറ്റിയിട്ടുണ്ടെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി മൈക്ക് എല്ലിസ് അറിയിച്ചു. റഫറണ്ടത്തെ തുടർന്ന് ഒക്ടോബർ 27-ന് നിയമസഭ വീണ്ടും സമ്മേളിക്കുമ്പോൾ ഈ നിയമനിർമ്മാണം സഭയുടെ പരിഗണനയ്ക്ക് എത്തും.
പ്രവിശ്യയിലുടനീളം മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നും നിലവിലെ ചെറിയ പിഴകൾ ഇതിന് പരിഹാരമാകില്ലെന്നും ഡാനിയേൽ സ്മിത്ത് പറയുന്നു. മാലിന്യം നീക്കം ചെയ്യാൻ ഓരോ വർഷവും മുനിസിപ്പാലിറ്റികൾക്ക് ലക്ഷക്കണക്കിന് ഡോളറാണ് ചെലവാകുന്നത്. പുതിയ നിയമം നിലവിൽ വന്നാൽ വ്യക്തികൾക്ക് ഒരു ലക്ഷം ഡോളർ വരെയും കമ്പനികൾക്ക് 10 ലക്ഷം ഡോളർ വരെയും പിഴ ചുമത്താം. അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ ആറ് മാസം വരെ തടവുശിക്ഷ വിധിക്കാനും കോടതികൾക്ക് അധികാരമുണ്ടാകും.







