വാഷിങ്ടൺ : മികച്ച തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും സ്ഥിരതാമസവും സ്വപ്നം കണ്ട് അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മുന്നിൽ വാതിലുകൾ അടയുന്നു. കർശനമായ കുടിയേറ്റ നിയമങ്ങളും, പതിറ്റാണ്ടുകൾ നീളുന്ന ഗ്രീൻ കാർഡ് കാത്തിരിപ്പും, എച്ച്-1ബി (H-1B) വീസകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കാരണം അമേരിക്കയിൽ തുടരുന്നത് അസാധ്യമായി മാറുകയാണ്. ഇതോടെ നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾ അമേരിക്ക വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരാകുന്നു.
വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് തൊഴിൽ വകുപ്പ് കൂടുതൽ കർശനമായ നിയമങ്ങൾ നിർദ്ദേശിച്ചത് ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കൂടാതെ അമേരിക്കയിലെ പ്രമുഖ കമ്പനികളും വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിത്തുടങ്ങി. ഐ.ബി.എം (IBM) തങ്ങളുടെ ഏറ്റവും വലിയ വിഭാഗത്തിലെ ഭൂരിഭാഗം തസ്തികകളിലേക്കും യു.എസ് വീസ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുകയാണ്. പേയ്മെൻ്റ് ടെക്നോളജി കമ്പനിയായ ഫ്ലൈവയർ (Flywire) നിയമനങ്ങളും വികസന പ്രവർത്തനങ്ങളും വിദേശത്തേക്ക് മാറ്റാൻ ആലോചിക്കുന്നു. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ കമ്പനികളും നിരവധി ഐ.ടി ഔട്ട്സോഴ്സിങ് സ്ഥാപനങ്ങളും ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് പ്രോഗ്രാമുകളിൽ ഫെഡറൽ അന്വേഷണങ്ങളും നിയന്ത്രണങ്ങളും നേരിടുകയാണ്.
എന്നാൽ, ആഗോള പ്രതിഭകളെ ആശ്രയിക്കുന്ന അമേരിക്കൻ ബിസിനസ് മേഖലയ്ക്ക് ഈ നിയന്ത്രണങ്ങൾ വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തൊഴിലധിഷ്ഠിത കുടിയേറ്റ സംവിധാനത്തെ നിശബ്ദമായി തകർക്കുന്ന നടപടിയാണിതെന്ന് ഇമിഗ്രേഷൻ അഭിഭാഷകൻ ആഞ്ചലോ പപ്പാരെല്ലി അഭിപ്രായപ്പെട്ടു. ആഗോള പ്രതിഭകളുടെ ലക്ഷ്യസ്ഥാനമെന്ന അമേരിക്കയുടെ സൽപ്പേരിനേറ്റ ഈ കളങ്കം പരിഹരിക്കാൻ വർഷങ്ങളെടുക്കുമെന്ന് ‘കംപീറ്റ് അമേരിക്ക’ എക്സിക്യൂട്ടീവ് ഡയറക്ടർ സ്കോട്ട് കോർലിയും ചൂണ്ടിക്കാട്ടി.








