കാനഡയുടെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പരിശോധനകളോ കര്‍ശനമായ മാനദണ്ഡങ്ങളോ ഇല്ലാതെ ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ട് കാനഡ ‘സ്വയം നശിക്കുകയാണെന്ന്’ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. കാനഡയിലെ ലിബറല്‍ സര്‍ക്കാരിന്റെ ഭരണം ‘വളരെ ദാരുണമായ അവസ്ഥയിൽ ചെന്നവസാനിക്കുമെന്നും’ നിയന്ത്രിക്കാന്‍ കഴിയാത്തവിധം വലിയ പ്രശ്നങ്ങളിലേക്ക് ഇത് കാനഡയെ തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ തൊഴില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം ലിബറൽ സർക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന തെളിവുകളും ട്രംപ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡ വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. കാനഡയുടെ സാമ്പത്തിക, വിദേശകാര്യ നയങ്ങളെയും ലിബറല്‍ സര്‍ക്കാരിനെയും ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന വിമര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകാൻ കാരണമായിട്ടുണ്ട്.
അതേസമയം മാര്‍ക്ക് കാര്‍ണി യൂറോപ്യന്‍ യൂണിയനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കുന്ന തിരക്കിലാണ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന സമുദ്ര നിരീക്ഷണ സംവിധാനത്തിനായുള്ള (OceanEye International Alliance) ധനസമാഹരണ ചടങ്ങില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡൻ്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നൊപ്പം (Ursula von der Leyen) മാര്‍ക്ക് കാര്‍ണി പങ്കെടുത്തു.







