ലോകത്തെ ഞെട്ടിച്ച എപ്സ്റ്റീൻ മാതൃകയിലുള്ള ഒരു വലിയ ലൈംഗിക പീഡനക്കേസാണ് തമിഴ്നാട്ടിൽ പുറത്തുവന്നിരിക്കുന്നത്. ജെ.എം ഗ്രാനൈറ്റ്സ് ഉടമയും 84 കാരനുമായ ആർ.വീരമണി, പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇയാളുടെ സഹായികളായ മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രതി കോടികൾ നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
12-16 വയസ്സിനിടയിലുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. വീടിന്റെ വളപ്പിൽ പന്തുകളിക്കുന്നത് പോലെ അഭിനയിച്ച് കുട്ടികളെ ആകർഷിക്കുകയും, ഷൂസും ചോക്ലേറ്റുകളും പണവും നൽകി വലയിലാക്കുകയുമായിരുന്നു പതിവ്. പിന്നീട് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് ആഡംബര ബംഗ്ലാവുകളിലേക്കും ഹോട്ടൽ പാർട്ടികളിലേക്കും എത്തിച്ച് കുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കി.
ആദ്യം പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടത്തിയ പുനരന്വേഷണമാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ രാഷ്ട്രീയ-സാമൂഹിക കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വലിയ തോതിലുള്ള വിവാദങ്ങളും നടന്നു വരുന്നുണ്ട്.







