കാലിഫോർണിയയില്‍ പിസ ഔട്ട്ലെറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ പൗരനെതിരെ കേസ്. 50 വയസ്സുള്ള കവല്‍ പ്രീത് സിങ്ങിനെതിരെയാണ് മയക്കുമരുന്ന് കടത്തലിനും അനധികൃതമായി തോക്കുകള്‍ കൈവശം വച്ചതിനും യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്.
കോടതി രേഖകള്‍ പ്രകാരം, അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ചിരുന്ന കവല്‍ പ്രീത് സിങ് ഡിനുബ നഗരത്തില്‍ നടത്തിയിരുന്ന റൗണ്ട് ടേബിള്‍ പിസ റസ്റ്റോറൻ്റ് വഴി വന്‍തോതില്‍ മെത്താംഫെറ്റമിന്‍ വില്‍പ്പന നടത്തിയെന്നാണ് ആരോപണം. മയക്കുമരുന്ന് ഇടപാടുകള്‍ക്കിടെ ഇയാള്‍ അനധികൃത തോക്കുകളും കൈവശം വച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഓഗസ്റ്റ് 18ന് സിങിന്‍റെ വീട്ടിലും ബിസിനസ് സ്ഥാപനത്തിലും ഫെഡറല്‍ ഏജൻ്റുമാര്‍ റെയ്‌ഡ് നടത്തി. പരിശോധനയില്‍ 40 പൗണ്ടിലധികം മെത്താംഫെറ്റമിന്‍, മൂന്ന് തോക്കുകള്‍, 10,000 യുഎസ് ഡോളറിലധികം പണം എന്നിവ പിടിച്ചെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
മയക്കുമരുന്ന് കടത്ത് കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷം തടവും പരമാവധി ജീവപര്യന്തം തടവും ലഭിക്കാം. കൂടാതെ 10 മില്യണ്‍ യുഎസ് ഡോളര്‍ വരെ പിഴയും ചുമത്താം. മയക്കുമരുന്ന് കടത്തിന് സഹായകമാകുന്ന തരത്തില്‍ തോക്ക് കൈവശം വച്ചെന്ന കുറ്റത്തിന് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ അധിക തടവും ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ ശിക്ഷ മറ്റ് ശിക്ഷകള്‍ക്ക് പുറമെ അനുഭവിക്കേണ്ടിവരും.







