വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായുള്ള ട്രക്ക് ടെർമിനൽ പ്രദേശത്ത് കുന്നുകൂട്ടിയ മണ്ണ് ശക്തമായ മഴയിൽ ഒഴുകിയിറങ്ങി സമീപ പ്രദേശങ്ങളിൽ വലിയ നാശനഷ്ടമുണ്ടാക്കി. മുക്കോല തലയ്ക്കോട് ഭാഗത്തെ ബൈപാസ് സർവീസ് റോഡും അടിപ്പാതയും പൂർണമായി ചെളിയിലാണ്ടതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകളിലേക്ക് ചെളിവെള്ളം കയറുകയും കിണറുകളിലെ കുടിവെള്ളം പൂർണ്ണമായും മലിനമാകുകയും ചെയ്തതോടെ പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുസ്സഹമായിരിക്കുകയാണ്.
രണ്ട് ദിവസമായി പെയ്ത കനത്ത മഴയിലാണ് ഉയർന്ന പ്രദേശത്ത് സൂക്ഷിച്ചിരുന്ന മണ്ണ് താഴേക്ക് ഒഴുകിയെത്തിയത്. തിരുവോണ നാൾ മുതൽ വൻതോതിൽ ചെളിവെള്ളം വീടുകളിലേക്കും കിണറുകളിലേക്കും എത്തിയതോടെ കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. വീടുകൾക്ക് തകർച്ചാ ഭീഷണിയുയർത്തുന്ന വിധത്തിൽ മണ്ണ് ഒഴുകിയെത്തിയതോടെ രോഷാകുലരായ പ്രദേശവാസികൾ സ്ഥലത്ത് വലിയ പ്രതിഷേധം ഉയർത്തി.
തുറമുഖത്തെ ബങ്കറിങ് സ്റ്റേഷൻ നിർമ്മാണത്തിനായി മുല്ലൂർ ഭാഗത്ത് നിന്ന് വെട്ടിയെടുത്ത മണ്ണാണ് വീടുകൾക്ക് മുകളിലായി ട്രക്ക് ടെർമിനലിൽ തള്ളിയിരുന്നത്. പ്രദേശത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ ബലക്കുറവും ഇതിലെ വിടവുകളുമാണ് മണ്ണും വെള്ളവും ഒലിച്ചിറങ്ങാൻ കാരണമായത്. സംഭവം നടന്നതിനെ തുടർന്ന് എം.വിൻസന്റ് എം.എൽ.എ, കൗൺസിലർ എസ്.ലതിക കുമാരി എന്നിവർ സ്ഥലം സന്ദർശിച്ചു. അവിടെ മണ്ണ് നിക്ഷേപിക്കുന്നത് ഉടനടി നിർത്തിവെക്കാനും അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാനും എം.എൽ.എ തുറമുഖ അധികൃതർക്ക് നിർദ്ദേശം നൽകി.







