സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 70 ശതകോടി കനേഡിയൻ ഡോളറിലേക്ക് (ഏകദേശം 4.65 ലക്ഷം കോടി രൂപ) ഉയർത്താനും ലക്ഷ്യമിട്ട്, കാനഡയുമായി ഉഭയകക്ഷി നിക്ഷേപ കരാറിൽ (Bilateral Investment Treaty) എത്രയും വേഗം ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചു.
ധനമന്ത്രി നിർമല സീതാരാമൻ കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ് ഷാമ്പെയ്നുമായി (Francois-Philippe Champagne) നടത്തിയ ആദ്യ കാനഡ-ഇന്ത്യ ധനമന്ത്രിമാരുടെ സാമ്പത്തിക-ധനകാര്യ ചർച്ചയിലാണ് (Economic and Financial Dialogue) ഈ നിർദേശം ഉയർന്നുവന്നത്.
നിക്ഷേപ കരാർ ചർച്ചകൾക്ക് ഇന്ത്യ സന്നദ്ധം
വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുമന്ത്രിമാരും ചർച്ച ചെയ്യുകയും സാമ്പത്തിക സഹകരണത്തിന്റെ വിവിധ മേഖലകളിൽ ധാരണയിലെത്തുകയും ചെയ്തു.
“എത്രയും വേഗം ഉഭയകക്ഷി നിക്ഷേപ കരാറിൽ ചർച്ചകൾ ആരംഭിക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചു,” യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് കൂടുതൽ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഉടമ്പടിയാണ് ഉഭയകക്ഷി നിക്ഷേപ കരാർ.
സാമ്പത്തിക-ധനകാര്യ സഹകരണം മെച്ചപ്പെടുത്തുന്നതിനായി 2026 മാർച്ച് മാസം ന്യൂഡൽഹിയിൽ വെച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ യോഗം നടന്നത്.
2026 അവസാനത്തോടെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (Comprehensive Economic Partnership Agreement) ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.







