അമേരിക്കയുടെ പുതിയ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കാൽഗറി സർവ്വകലാശാലയുടെ പുതിയ പഠന റിപ്പോർട്ട്. പുതിയ താരിഫ് നിരക്കുകൾ കാനഡയിലുടനീളം ഏകദേശം 87,200 തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാൽഗറി പ്രൊഫസർ ട്രെവർ ടോംബ് പറയുന്നു. കാർഷിക ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, ഫർണിച്ചർ, പ്ലാസ്റ്റിക് ഉൽപ്പാദനം എന്നീ മേഖലകൾക്കാണ് പുതിയ താരിഫ് നയം ഏറ്റവും കൂടുതൽ തിരിച്ചടിയാകുക. രാജ്യത്തെ നിർമ്മാണ-കയറ്റുമതി കേന്ദ്രങ്ങളായ ഒൻ്റാരിയോ, ക്യൂബെക്ക് എന്നീ പ്രവിശ്യകളെയാണ് താരിഫ് ഏറ്റവും ഗുരുതരമായി ബാധിക്കുക. പ്രസ്തുത മേഖലകളിലെ തൊഴിൽ നഷ്ടവും ഉൽപ്പാദന മാന്ദ്യവും കാനഡയുടെ മൊത്തത്തിലുള്ള ആഭ്യന്തര ഉൽപ്പാദനത്തെയും വിപണി സുസ്ഥിരതയെയും സാരമായി സ്വാധീനിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പ്രാദേശിക വിപണിയെയും വ്യവസായങ്ങളെയും സംരക്ഷിക്കുന്നതിനും ഫെഡറൽ സർക്കാറിന്‍റെ അടിയന്തര നയതന്ത്ര ഇടപെടലുകൾ അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്കൻ നയമാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ ബദൽ കയറ്റുമതി മാർഗ്ഗങ്ങൾ കണ്ടെത്താനും പ്രാദേശിക തൊഴിൽ സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾ കനേഡിയൻ ഭരണകൂടം ഉടൻ ആവിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.







