അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കായി വർഷങ്ങളോളം നിർണായക വിവരങ്ങൾ ചോർത്തി നൽകിയ കൊസോവോ സ്വദേശിയായ ബ്ലെറിം സ്കോറോ (55) യു.എസ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. ന്യൂജേഴ്സിയിലെ ഇമിഗ്രേഷൻ ഓഫീസിൽ താമസാനുമതി പുതുക്കാൻ എത്തിയ ഇയാളെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.ഐ.എയ്ക്കും എഫ്.ബി.ഐയ്ക്കും വേണ്ടി പ്രവർത്തിച്ചതിനാൽ സ്വന്തം രാജ്യമായ കൊസോവോയിലോ മറ്റേതെങ്കിലും രാജ്യത്തോ ഇയാൾ സുരക്ഷിതനായിരിക്കില്ലെന്നും, അതിനാൽ നാടുകടത്തൽ നടപടികൾ തടയണമെന്നും കാണിച്ച് അഭിഭാഷകർ ഫെഡറൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്രയും കാലത്തെ സേവനങ്ങൾ പരിഗണിച്ച് അമേരിക്കയിൽ സ്ഥിരതാമസത്തിന് അവസരം നൽകാമെന്ന് മുൻപ് വാഗ്ദാനം ചെയ്തിരുന്നതായി ഇയാളുടെ ഭാര്യയും അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു.
1994-ൽ കൊസോവോയിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് യു.എസിൽ അഭയം പ്രാപിച്ച ബ്ലെറിം, കുടുംബം പുലർത്താൻ പ്രയാസപ്പെട്ടതിനെ തുടർന്നാണ് ലഹരിമരുന്ന് കടത്തിലേക്ക് തിരിഞ്ഞത്. 2000-ൽ ഹെറോയിൻ കേസുമായി ബന്ധപ്പെട്ട് ഫെഡറൽ ജയിലിൽ ശിക്ഷ അനുഭവിക്കുമ്പോഴാണ് തീവ്രവാദ സ്വഭാവമുള്ള തടവുകാരുമായി ഇയാൾ സൗഹൃദത്തിലാകുന്നത്. 2001-ലെ സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം ഈ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി വിവരങ്ങൾ ചോർത്താനായി സി.ഐ.എ ഇയാളെ ഏജന്റായി നിയമിക്കുകയായിരുന്നു. തുടർന്ന് 2002 മുതൽ 2006 വരെയുള്ള കാലയളവിൽ ഒസാമ ബിൻ ലാദനെക്കുറിച്ചും സിറിയയിലെ പരിശീലന ക്യാമ്പുകളെക്കുറിച്ചും ഉൾപ്പെടെയുള്ള അതീവ നിർണായക വിവരങ്ങൾ ഇയാൾ യു.എസ് ഏജൻസികൾക്ക് കൈമാറി.
ജയിൽ മോചിതനായ ശേഷവും സി.ഐ.എയുടെ നിർദ്ദേശപ്രകാരം വിവിധ രാജ്യങ്ങളിൽ ഇയാൾ രഹസ്യ പ്രവർത്തനം തുടർന്നു. അൽ ഖ്വയ്ദയിലേക്ക് നുഴഞ്ഞുകയറുന്നതിനായി സിറിയ, ലെബനൻ, ജോർദാൻ, പാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇയാൾ അമേരിക്കയ്ക്കായി പ്രവർത്തിച്ചതായി അവകാശപ്പെടുന്നു. 2014-ൽ യു.എസിലേക്ക് തിരിച്ചെത്തിയ ബ്ലെറിം, കഴിഞ്ഞ പത്ത് വർഷമായി യാതൊരുവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടാതെ ശാന്തമായ കുടുംബജീവിതം നയിച്ചു വരികയായിരുന്നു. എങ്കിലും ഇമിഗ്രേഷൻ കേന്ദ്രത്തിൽ വച്ച് അപ്രതീക്ഷിതമായി നടന്ന ഈ അറസ്റ്റ് യു.എസ് അധികൃതർ നടത്തിയ വലിയൊരു ചതിയാണെന്നാണ് ഇയാളുടെ ബന്ധുക്കൾ ആരോപിക്കുന്നത്.







