രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ ‘ലോ ആൻഡ് ഓർഡർ’-ന്റെ ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തി. നീതിയും നിയമവും നടപ്പിലാക്കാൻ പോരാടുന്ന ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ഒരു മാസ് ആക്ഷൻ അനുഭവമായിരിക്കും നൽകുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. ‘തുടരും’ എന്ന ചിത്രത്തിലെ ജോർജ്ജ് സാർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമ്മയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ, രഞ്ജിത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രം ‘ബ്ലാക്കി’ലെ ഐക്കോണിക് കഥാപാത്രമായ ‘കാരിക്കാമുറി ഷൺമുഖൻ’ ആയി മമ്മൂട്ടി വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കറുത്ത വസ്ത്രമണിഞ്ഞ് തോക്കുമായി നടന്നുനീങ്ങുന്ന മാസ് ലുക്കിലാണ് ടീസറിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
അഭിരാമി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം സെപ്റ്റംബർ 4-നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവി ക്ഷേത്രയുടെയും ബാനറിൽ പ്രേമചന്ദ്രൻ എ. ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്. ഫീനിക്സ് പ്രഭു, പി.സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നീ പ്രമുഖ ദക്ഷിണേന്ത്യൻ ആക്ഷൻ കോറിയോഗ്രാഫർമാരാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, റിനോഷ് ജോർജ്ജ്, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ജോണി ആന്റണി, ഭീമൻരഘു, നന്ദു, സാബുമോൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം പകരുമ്പോൾ, ബിജിബാൽ പശ്ചാത്തല സംഗീതമൊരുക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.







