അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള സമ്മർ ക്യാമ്പിൽ മഷ്റൂം (മഷ്റൂം അടങ്ങിയ ലഹരിവസ്തുക്കൾ) ചേർത്ത ചോക്ലേറ്റ് കഴിച്ച് പതിമൂന്നോളം കുട്ടികളുടെ ആരോഗ്യം തകരാറിലായി. ഈസ്റ്റ് ഓറഞ്ച് വൈ.എം.സി.എ (YMCA) സമ്മർ ക്യാമ്പിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. 10 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ അപകടത്തിൽപ്പെട്ടത്. ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുട്ടികൾ ബോധരഹിതരെപ്പോലെ ‘സോംബി’ അവസ്ഥയിലാവുകയും, ഇതിൽ ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ക്യാമ്പിലുണ്ടായിരുന്ന ഒരു കുട്ടിയാണ് മറ്റ് 13 പേർക്കും ഈ ചോക്ലേറ്റ് നൽകിയത്. ഇത് കഴിച്ചതിന് തൊട്ടുപിന്നാലെ ഒരു കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും, തുടർന്ന് മറ്റ് 12 കുട്ടികൾക്കും സമാനമായ രോഗലക്ഷണങ്ങൾ പ്രകടമാവുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടിയന്തിര രക്ഷാപ്രവർത്തകർ കുട്ടികളെ പരിശോധിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. സംഭവം ഞെട്ടിക്കുന്നതാണെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഈസ്റ്റ് ഓറഞ്ച് പോലീസ് ചീഫ് ഫിലിസ് ബിന്ദി വ്യക്തമാക്കി.
ക്യാമ്പുകളിൽ കുട്ടികൾ പരസ്പരം മിഠായികൾ പങ്കുവെക്കുന്നത് കർശനമായി വിലക്കിയിട്ടുള്ളതാണെന്ന് വൈ.എം.സി.എ അധികൃതർ അറിയിച്ചു. ഒരു കുട്ടി മറ്റ് കുട്ടികൾക്ക് മിഠായി നൽകുന്നത് ശ്രദ്ധയിൽപ്പെട്ട കൗൺസിലർമാർ, കുട്ടികളുടെ ആരോഗ്യം വഷളാകുന്നത് കണ്ട ഉടൻ തന്നെ അടിയന്തര പ്രോട്ടോക്കോൾ നടപ്പിലാക്കുകയും പോലീസിനെയും മാതാപിതാക്കളെയും വിവരമറിയിക്കുകയുമായിരുന്നു. കുട്ടിയുടെ പക്കൽ ഇത്തരം ലഹരിവസ്തുക്കൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എങ്ങനെ എത്തിയെന്നും സംഭവത്തിൽ ക്രിമിനൽ കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.







