ആൽബർട്ട നോർത്ത് എഡ്മിന്‍റനിൽ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് ദാരുണാന്ത്യം. പഞ്ചാബ് സ്വദേശികളായ സുരീന്ദർജിത് കൗർ ഭണ്ഡാൽ (82), ഭർത്താവ് മേജർ സിംഗ് ഭണ്ഡാൽ (85) എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്നുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്.
തിങ്കളാഴ്ച രാത്രി 9:15ഓടെ 132 അവന്യൂവിലെ 82 സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന റസിഡൻഷ്യൽ-കൊമേഴ്സ്യൽ കെട്ടിടത്തിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇടിച്ചുകയറിയത്. വാഹനം കെട്ടിടത്തിൻ്റെ ഗ്യാസ് ലൈനിൽ ഇടിച്ചതിനെത്തുടർന്ന് വൻ സ്ഫോടനത്തോടെ തീ പടരുകയായിരുന്നുവെന്ന് എഡ്മിന്‍റൻ പോലീസ് അറിയിച്ചു. തീപിടുത്തത്തെത്തുടർന്ന് രക്ഷപ്പെടാനായി അപ്പാർട്ട്മെൻ്റിൻ്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ മേജർ സിംഗ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് ഭാര്യ സുരീന്ദർജിതിൻ്റെ മൃതദേഹം കണ്ടെത്തിയത്. മുപ്പതിലധികം വർഷങ്ങൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയ ഇവർ കഴിഞ്ഞ 25 വർഷമായി ഈ അപ്പാർട്ട്മെന്റിലായിരുന്നു താമസം.
അപകടത്തിൽ ഏഴുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ കെട്ടിടത്തിലെ താമസക്കാരായ ആറു പേരും വാഹനം ഓടിച്ചിരുന്ന 62 വയസ്സുള്ള വയോധികനും ഉൾപ്പെടുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16 സ്യൂട്ടുകളുള്ള സമുച്ചയത്തിൽ 35 പേരാണ് താമസിച്ചിരുന്നത്. ഭവനരഹിതരായവർക്ക് കനേഡിയൻ റെഡ് ക്രോസ് നിലവിൽ സഹായം നൽകിവരുന്നുണ്ട്.







