എയർബാഗ് തകരാറിനെ തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി ആയിരക്കണക്കിന് ലാൻഡ് റോവർ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ തിരിച്ചുവിളിച്ചു. കാനഡയിൽ ഏകദേശം 25,000 വാഹനങ്ങളും യുഎസിൽ 250,000-ത്തിലധികം വാഹനങ്ങളുമാണ് തിരിച്ചുവിളിച്ചതെന്ന് ജാഗ്വാർ ലാൻഡ് റോവർ അറിയിച്ചു.
അപകടസമയത്ത് ചില എസ്യുവികളുടെ ഡ്രൈവർ-ഫ്രണ്ട് എയർബാഗ് കാര്യക്ഷമമായി പ്രവർത്തിക്കില്ലെന്ന് കമ്പനി പറയുന്നു. ശരിയായി പ്രവർത്തിക്കാത്ത എയർബാഗ് അപകടത്തിൽ പരുക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. ലാൻഡ് റോവർ ഡിഫൻഡർ (2020, 2021, 2022, 2023, 2024, 2025, 2026), ലാൻഡ് റോവർ ഡിസ്കവറി (2021, 2022, 2023, 2024, 2025, 2026), ലാൻഡ് റോവർ റേഞ്ച് റോവർ (2022, 2023, 2024, 2025, 2026) എന്നിവയാണ് കാനഡയിൽ തിരിച്ചുവിളിച്ച മോഡലുകൾ. വാഹനങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ഡീലർഷിപ്പിൽ എത്തിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് വാഹനഉടമകൾക്ക് ഉടൻ തന്നെ മെയിൽ ലഭിക്കും.







