കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ (KECF) ആഭിമുഖ്യത്തില്‍ നടക്കുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പല്‍ കണ്‍വെന്‍ഷന്‍ (സംയുക്ത സുവിശേഷ കണ്‍വെന്‍ഷന്‍) ഓഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഇര്‍വിംഗിലുള്ള സെൻ്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ രാത്രി ഒമ്പത് വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. അബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും. ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള ‘Loss & Redemption’ (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ചിന്താവിഷയം. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ജോണ്‍ തോമസിന്‍റെ നേതൃത്വത്തിലുള്ള കെ.ഇ.സി.എഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകള്‍ വഴി തത്സമയം (Livestream) സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വെരി റവ. രാജു ഡാനിയേല്‍ കോര്‍-എപ്പിസ്‌കോപ്പ (പ്രസിഡൻ്റ്), റവ. ഫാ. ബേസില്‍ അബ്രഹാം (വൈസ് പ്രസിഡൻ്റ്), അലക്‌സ് അലക്‌സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), അലക്‌സ് പള്ളിവതുക്കല്‍, ജോണ്‍ തോമസ്, ലിന്‍ഡ സൈമണ്‍ മാത്യു, റവ . ഫാ. എബ്രഹാം വി. സാംസണ്‍, റവ. ഫാ. ബിന്‍സ് ചേത്തലില്‍, റവ. ഫാ. ബൈജു ഈപ്പന്‍, റവ. ഫാ. മാര്‍ട്ടിന്‍ ബാബു, റവ. ഫാ. പോള്‍ സി. തോറ്റക്കാട്ട് എന്നിവരുള്‍പ്പെടെയുള്ള വിപുലമായ കമ്മിറ്റി കണ്‍വെന്‍ഷന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.







