വിദേശ വിദ്യാർത്ഥികൾക്കുള്ള വർക്ക് പെർമിറ്റ് പൈലറ്റ് പ്രോഗ്രാമിന്റെ കാലാവധി നീട്ടിയതായി ന്യൂബ്രൺസ്വിക് സർക്കാർ അറിയിച്ചു. പ്രവിശ്യയിലെ രണ്ട് സ്വകാര്യ കോളേജുകളിലെ അന്തർദേശീയ വിദ്യാർത്ഥികൾക്ക് പഠനത്തിൽ നിന്ന് കുടിയേറ്റത്തിലേക്ക് അവസരമൊരുക്കുന്ന പ്രൈവറ്റ് കരിയർ കോളേജ് ഗ്രാജുവേറ്റ് പൈലറ്റ് പ്രോഗ്രാം 2027 ഡിസംബർ 31 വരെയാണ് നീട്ടിയത്. ഓൾട്ടൺ കോളേജിലെയും ഈസ്റ്റേൺ കോളേജിലെയും തിരഞ്ഞെടുത്ത ആരോഗ്യ സംരക്ഷണ, ശിശു വിദ്യാഭ്യാസ പ്രോഗ്രാമുകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാൽ, ഓൾട്ടൺ, ഈസ്റ്റേൺ ബിരുദധാരികൾക്ക് ഫെഡറൽ ഗവൺമെൻ്റിന്റെ ഫ്ലാഗ്ഷിപ്പ് പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് (PGWP) അർഹതയുണ്ടായിരിക്കില്ല.
പൈലറ്റ് വഴി, മുഴുവൻ സമയ ജോലി ഓഫറുകളുള്ള ബിരുദധാരികളെ പ്രവിശ്യ സ്ഥിര താമസത്തിനായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്. കൂടാതെ സ്ഥിര താമസത്തിനുള്ള അപേക്ഷ പ്രോസസ്സ് ചെയ്യുമ്പോൾ ജോലി ചെയ്യാനുള്ള അംഗീകാരം നേടാനും കഴിയും. ഓൾട്ടൺ കോളേജിലോ ഈസ്റ്റേൺ കോളേജിലോ യോഗ്യതയുള്ള സ്റ്റഡി പ്രോഗ്രാം പൂർത്തിയാക്കിയ വിദേശ പൗരന്മാർക്ക് മാത്രമേ പൈലറ്റിന് കീഴിൽ യോഗ്യത ലഭിക്കൂ.







