കാനഡയിലെ അതിസമ്പന്ന കുടുംബങ്ങളിൽ പകുതിയോളവും താമസിക്കുന്നത് ഒൻ്റാരിയോയിലാണെന്ന് ‘കനേഡിയൻസ് ഫോർ ടാക്സ് ഫെയർനസ്’ റിപ്പോർട്ട്. രാജ്യത്തെ ആകെ 86 ശതകോടീശ്വര കുടുംബങ്ങളിൽ 38 എണ്ണവും ഒൻ്റാരിയോയിലാണ്. പ്രവിശ്യയിലെ അതിസമ്പന്നരായ കുടുംബങ്ങളുടെ ശരാശരി ആസ്തി 546 മില്യൺ ഡോളറാണ്. കാനഡയിലെ പ്രവിശ്യകളിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. കാനഡയിലാകെ 10 കോടി ഡോളറിലധികം ആസ്തിയുള്ള 3,380 കുടുംബങ്ങളുള്ളതിൽ 1,570 കുടുംബങ്ങളും ഒൻ്റാരിയോയിലാണ് ജീവിക്കുന്നത്. ആസ്തിയുടെ കാര്യത്തിൽ ബ്രിട്ടീഷ് കൊളംബിയയിലെ അതിസമ്പന്നർ (50.1 കോടി ഡോളർ) രണ്ടാം സ്ഥാനത്തും, ക്യൂബെക്ക് (40.8 കോടി ഡോളർ), ആൽബർട്ട (39.3 കോടി ഡോളർ) എന്നിവർ അടുത്ത സ്ഥാനങ്ങളിലുമുണ്ട്. ഭൂമി, പാർപ്പിട സമുച്ചയങ്ങൾ, ഓഹരി നിക്ഷേപങ്ങൾ, ഇൻഷുറൻസ്, പെൻഷൻ എന്നിവയെല്ലാം കണക്കാക്കിയാണ് കുടുംബങ്ങളുടെ മൊത്തം ആസ്തി നിർണ്ണയിച്ചിരിക്കുന്നത്.
അതേസമയം ഒൻ്റാരിയോയിൽ കടുത്ത സാമ്പത്തിക അസമത്വം നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിസമ്പന്നരുടെ എണ്ണം വർധിക്കുമ്പോളും പ്രവിശ്യയിലെ 19 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.






