അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ഏകദേശം 60.5 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ഇന്ത്യൻ വംശജൻ അറസ്റ്റിലായി. മിഷിഗണിലെ ബ്ലൂ വാട്ടർ ബ്രിജ് അതിർത്തി ചെക്ക്‌പോസ്റ്റിൽ ജൂൺ 11-ന് പുലർച്ചെ നടന്ന പരിശോധനയിൽ ചന്ദൻ ടയാൽ (27) ആണ് അറസ്റ്റിലായത്.
പരിശോധനയ്ക്കിടെ പെട്ടികളിൽ വിസ്കോൺസിനിൽ നിന്ന് കാനഡയിലെ ബ്രാംപ്ടണിലേക്ക് കൊണ്ടുപോകുന്ന മരപ്പലകകളും ചീസ് പൗഡറുമാണെന്ന് ചന്ദൻ ടയാൽ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ പെട്ടികൾക്കുള്ളിൽ വാക്വം-സീൽ ചെയ്ത് പൊതിഞ്ഞ 55 കൊക്കെയ്ൻ പാക്കറ്റുകൾ കണ്ടെത്തി. ആദ്യ പെട്ടിയിൽ ഏകദേശം 27.47 കിലോഗ്രാം ഭാരമുള്ള 25 പാക്കറ്റുകളും, രണ്ടാമത്തെ പെട്ടിയിൽ 33.03 കിലോഗ്രാം ഭാരമുള്ള 30 പാക്കറ്റുകളും കണ്ടെത്തി. ചന്ദൻ ടയാലിനെ റിമാൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു.





