newsroom@amcainnews.com

കർമെലോ ആന്റണി കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു; 35 വർഷം തടവ്

ജൂറി സെലക്ഷൻ മുതൽ വിധിപ്രസ്താവം വരെ വെറും ഒരാഴ്ച മാത്രം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ, കഴിഞ്ഞ വർഷം ഓസ്റ്റിൻ മെറ്റ്കാഫിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 19 കാരനായ കർമെലോ ആന്റണി കുറ്റക്കാരനാണെന്ന് ടെക്സാസിലെ കൊളിൻ കൗണ്ടി ജൂറി കണ്ടെത്തി.

ദേശീയ ശ്രദ്ധ ആകർഷിച്ച ഈ കേസ്, പ്രതിയുടെയും ഇരയുടെയും വംശീയ പശ്ചാത്തലം കാരണം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രതിയായ ആന്റണി കറുത്തവർഗ്ഗക്കാരനും കൊല്ലപ്പെട്ട ഓസ്റ്റിൻ വെളുത്തവർഗ്ഗക്കാരനുമാണ്. ഈ കേസിലേക്ക് തിരഞ്ഞെടുത്ത 12 ജൂറി അംഗങ്ങളിലും 6 പകരക്കാരിലും ഒരാൾ പോലും കറുത്തവർഗ്ഗക്കാരൻ ആയിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ആന്റണിയെ 35 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

2025 ഏപ്രിലിൽ ഫ്രിസ്കോ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ട്രാക്ക് മീറ്റിനിടെയാണ് സെന്റനിയൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആന്റണിയും മെമ്മോറിയൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ഓസ്റ്റിനും കണ്ടുമുട്ടുന്നത്. അന്ന് രണ്ടുപേർക്കും 17 വയസ്സായിരുന്നു പ്രായം. പെട്ടെന്ന് മഴ പെയ്തതോടെ അത്ലറ്റുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാവുകയും, ചിലർ ഗ്രൗണ്ടിൽ തുടരുമ്പോൾ മറ്റുചിലർ ടീം ടെന്റുകൾക്ക് കീഴിൽ അഭയം തേടുകയും ചെയ്തു. സെന്റനിയൽ സ്കൂളിന് അന്ന് സ്വന്തമായി ടെന്റ് ഉണ്ടായിരുന്നില്ല. തുടർന്ന് ആന്റണി മെമ്മോറിയൽ സ്കൂളിന്റെ ടെന്റിന് കീഴിൽ അഭയം തേടിയപ്പോൾ അവിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ ഓസ്റ്റിനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത സമയം മരണപ്പെടുകയായിരുന്നു.

മെമ്മോറിയൽ ഹൈസ്കൂൾ ടീമിലെ അംഗങ്ങൾ തന്നെ വളഞ്ഞപ്പോൾ ആത്മരക്ഷാർത്ഥമാണ് താൻ പ്രതികരിച്ചതെന്നാണ് ആന്റണിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ഏകദേശം 6 അടി 1 ഇഞ്ച് ഉയരവും 213 പൗണ്ട് (ഏകദേശം 96 കിലോ) ഭാരവുമുള്ള ഓസ്റ്റിനും അദ്ദേഹത്തിന്റെ ഇരട്ടസഹോദരനും ചേർന്നാണ് 5 അടി 8 ഇഞ്ചും 130 പൗണ്ടും (ഏകദേശം 59 കിലോ) മാത്രമുള്ള ആന്റണിയെ നേരിട്ടതെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. ആന്റണി ഭയവും പരിഭ്രാന്തിയും കാരണമാണ് പ്രതികരിച്ചതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, ഓസ്റ്റിനെ ആന്റണി ഒളിച്ചിരുന്ന് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

“എന്നെ തൊട്ടാൽ വിവരമറിയും” എന്ന് ആന്റണി ഓസ്റ്റിനോട് ഭീഷണിപ്പെടുത്തിയതായി വിചാരണയ്ക്കിടെ ഒരു സാക്ഷി മൊഴി നൽകിയതായി പ്രോസിക്യൂട്ടിങ് അറ്റോർണി ബിൽ വിർസ്കി കോടതിയെ അറിയിച്ചു. ടെന്റിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ആന്റണിയെ ആക്രമിക്കാൻ മുതിർന്നിട്ടില്ലെന്നും, സംഭവം ഇരുവരും തമ്മിൽ നേരിട്ടായിരുന്നുവെന്നും തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും വിർസ്കി പറഞ്ഞു.

കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നിട്ടും, ടെക്സാസിലെ പ്രത്യേക നിയമപ്രകാരം ആന്റണിയെ ഒരു മുതിർന്ന വ്യക്തിയായി പരിഗണിച്ചാണ് വിചാരണ ചെയ്തത്.

ടെക്സാസ് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി ജോൺ റോച്ച് ജൂനിയർ വിധി പ്രസ്താവിക്കുമ്പോൾ ഓസ്റ്റിന്റെ ഇരട്ടസഹോദരൻ ഹണ്ടർ മെറ്റ്കാഫും കോടതിമുറിയിൽ സന്നിഹിതനായിരുന്നു. സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നതിനാൽ വിചാരണ സമയത്ത് ഹണ്ടറിന് കോടതിമുറിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല. വിധി കേട്ടപ്പോൾ ഹണ്ടർ മുന്നോട്ട് ആഞ്ഞുനോക്കി. ഈ സമയം ആന്റണിയുടെ മാതാവ് പൊട്ടിക്കരയുകയായിരുന്നു. വിധി കേട്ട് കണ്ണീരണിഞ്ഞ ആന്റണിയെ കൊളിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസിന്റെ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ആന്റണിയുടെ മാതാപിതാക്കൾ വിതുമ്പിക്കൊണ്ട് കോടതി മുറിയിൽ നിന്നും പുറത്തേക്ക് പോയി.

You might also like
Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You