പട്ന: വെറും 113 രൂപ മാത്രം ബാക്കിയുണ്ടായിരുന്ന ഒരു സാധാരണക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മണിക്കൂറുകൾക്കകം ഒഴുകിയെത്തിയത് നൂറുകണക്കിന് കോടി രൂപ. ബിഹാറിലെ ഗയ സ്വദേശിയും പ്ലംബിങ് തൊഴിലാളിയുമായ വികാസ് കുമാറാണ് തന്റെ അക്കൗണ്ട് ബാലൻസ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചത്. ജൂൺ നാലിന് പകൽ സമയത്ത് അക്കൗണ്ട് പരിശോധിച്ചപ്പോൾ 94 കോടി രൂപയാണ് ക്രെഡിറ്റ് ആയി കിടന്നിരുന്നത്. എന്തെങ്കിലും സാങ്കേതിക തകരാറാകാം എന്ന് കരുതി വൈകിട്ട് ഒരു സൈബർ കഫേയിൽ ചെന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് തുക 294 കോടി രൂപയായി ഉയർന്ന വിവരം ഇയാൾ അറിയുന്നത്.
സാധാരണക്കാരനായ തനിക്ക് ഇത്രയും വലിയ തുക എവിടെനിന്ന് വന്നു എന്നറിയാതെ പരിഭ്രാന്തനായ വികാസ് കുമാർ ഉടൻ തന്നെ വിവരം പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ധരിപ്പിച്ചു. അവർ വഴിയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഗയ പോലീസ് സ്ഥലത്തെത്തി വികാസിന്റെ ബാങ്ക് രേഖകളും ഇടപാടുകളുടെ ഐഡിയും (Transaction IDs) ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതൊരു ബാങ്കിങ് പിഴവാണോ, സാങ്കേതിക തകരാറാണോ, അതോ മറ്റാരെങ്കിലും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി പണം അക്കൗണ്ടിലേക്ക് മാറ്റിയതാണോ എന്ന കാര്യങ്ങളാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.
തനിക്ക് പ്രതിമാസം പതിനായിരം മുതൽ പന്ത്രണ്ടായിരം രൂപ വരെ മാത്രം വരുമാനമുള്ളപ്പോഴാണ് ഈ അത്ഭുതമെന്ന് വികാസ് കുമാർ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇതേ അക്കൗണ്ടാണ് ഇയാൾ ഉപയോഗിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് പരമാവധി 7 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ ഈ അക്കൗണ്ട് വഴി നടന്നിട്ടുള്ളൂ എന്നും വികാസ് പോലീസിനോട് പറഞ്ഞു. അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയ കോടികളുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് നിലവിൽ ബിഹാർ പോലീസ്.






