പ്രതിരോധ മേഖലയില്‍ യുഎസിനെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കുക, കാനഡയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സ്വീഡിഷ് കമ്പനിയായ സാബ് (Saab) വികസിപ്പിച്ച അത്യാധുനിക വ്യോമ നിരീക്ഷണ സംവിധാനമായ ‘ഗ്ലോബല്‍ ഐ’ (GlobalEye) സ്വന്തമാക്കാനുള്ള ചര്‍ച്ച ആരംഭിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കാനഡയിലെ ഏറ്റവും വലിയ പ്രതിരോധ സുരക്ഷാ വ്യാപാര സമ്മേളനമായ ‘കാന്‍സെക്’ (CANSEC) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയറുടെ (Bombardier) ഗ്ലോബല്‍ 6500 ബിസിനസ്സ് ജെറ്റുകളിലാണ് ഈ അത്യാധുനിക റഡാര്‍ സംവിധാനം ഘടിപ്പിക്കുന്നത്.
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങളുടെ ആകെ ഉത്പാദനത്തിന്റെ മൂന്നിലൊന്നിലധികം കാനഡയില്‍ തന്നെ നിര്‍മ്മിക്കാനുള്ള കരാറിലാണ് ഇരുപക്ഷവും ചര്‍ച്ച നടത്തുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബോംബാര്‍ഡിയറിന്റെ മോൺട്രിയൽ, ടൊറൻ്റോ പ്ലാന്റുകളില്‍ നിന്നായി കാനഡയ്ക്കും സഖ്യകക്ഷികള്‍ക്കുമായി 40-ലധികം വിമാനങ്ങള്‍ നിര്‍മ്മിക്കാനാകും. ഇത് കാനഡയിലെ എയറോസ്പേസ്, പ്രതിരോധ മേഖലകളില്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെ മൂവായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏകദേശം 5 ബില്യണ്‍ ഡോളറിലധികം ചെലവില്‍ 6 ഗ്ലോബല്‍ ഐ സംവിധാനങ്ങള്‍ വാങ്ങുമെന്നും കനേഡിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.






