ഒട്ടാവ: മതിയായ ഇരിപ്പിടങ്ങളോ വ്യക്തമായ പദ്ധതികളോ ഇല്ലാതെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാനുള്ള കാനഡ സർക്കാരിന്റെ നീക്കം പ്രായോഗികമല്ലെന്ന് വിദഗ്ധർ. ഫെഡറൽ പൊതുസേവകർ ഈ ജൂലൈ മുതൽ ആഴ്ചയിൽ നാല് ദിവസം ഓഫീസുകളിൽ നേരിട്ട് ഹാജരാകണമെന്ന ട്രഷറി ബോർഡിന്റെ പുതിയ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ മൂന്ന് ദിവസം ഓഫീസിലെത്തണമെന്ന നിയമം പ്രാബല്യത്തിലിരിക്കെയാണ്, മതിയായ തയ്യാറെടുപ്പുകളില്ലാതെ ഇത് നാല് ദിവസമായി വർധിപ്പിച്ചത്.
ഓഫീസുകളിൽ ആവശ്യത്തിന് ഡെസ്ക്കുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ലെന്നും പല ഉദ്യോഗസ്ഥരും ജോലി ചെയ്യാൻ ഒഴിഞ്ഞ ഇടങ്ങൾ തേടി അലയുകയാണെന്നും യൂണിയനുകൾ ആരോപിക്കുന്നു. ചില കെട്ടിടങ്ങളിൽ എലിക്കാഷ്ഠവും പൂപ്പലും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതായും പരാതിയുണ്ട്. ഡിജിറ്റൽ സംവിധാനങ്ങൾ വഴി മീറ്റിംഗുകളിൽ പങ്കെടുക്കാൻ മാത്രമായി ദീർഘദൂരം യാത്ര ചെയ്ത് ഓഫീസിലെത്തുന്നത് ഉൽപ്പാദനക്ഷമതയെ ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പോരായ്മകളും പാർക്കിംഗ് സൗകര്യമില്ലായ്മയും ജീവനക്കാരുടെ ദുരിതം വർധിപ്പിക്കുകയാണ്. സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനം ജീവനക്കാരുടെ മാനസികാരോഗ്യത്തെയും തൊഴിൽ സാഹചര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.







