കാനഡയിലെ ലണ്ടന്‍ ഒൻ്റാരിയോയില്‍ മലയാളികള്‍ക്ക് നേരെ വംശീയ ആക്രമണം. വിക്ടോറിയ പാര്‍ക്കില്‍ ഐസ് സ്‌കേറ്റിങ്ങിനായി എത്തിയ നാല് മലയാളി യുവാക്കളെയാണ് അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ടായിരുന്നു ആക്രമണം. പരുക്കേറ്റ നാല് യുവാക്കളെയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചെങ്കിലും ഒരാളുടെ കണ്ണിനേറ്റ പരുക്ക് സാരമുള്ളതാണ്.
കാനഡയില്‍ സ്റ്റുഡൻ്റ് വീസയിലെത്തി കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി ചെയ്തുവരുന്ന യുവാക്കളാണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ പൊലീസ് യുവാക്കളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ സുരക്ഷിത നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ലണ്ടന്‍ ഒൻ്റാരിയോയില്‍ ഇത്തരമൊരു സംഭവമുണ്ടായത് പ്രവാസി മലയാളി സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അടുത്തിടെയായി കാനഡയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കും പ്രത്യേകിച്ച് മലയാളികൾക്ക് നേരെ വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.







