newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർധിക്കുന്നു; രണ്ട് വർഷത്തിനിടെ പാകിസ്താനിൽനിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനീയർമാരും

ഇസ്ലാമാബാദ്: രണ്ട് വർഷത്തിനിടെ പാകിസ്താനിൽനിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് ഡോക്ടർമാരും എൻജിനീയർമാരും. കൂടാതെ അക്കൗണ്ടന്റുകൾ, മറ്റ് പ്രമുഖ തൊഴിൽസ്ഥാനങ്ങളിലുള്ളവർ എന്നിവർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പാകിസ്താനിൽ നിന്നുള്ള പ്രതിഭാപലായനം (brain drain) അടുത്തകാലത്ത് വർധിച്ചതായി വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർധിക്കുന്നതിനിടെയാണ് മറ്റു രാജ്യങ്ങളിലേക്കുള്ള പാക് പൗരരുടെ കുടിയേറ്റത്തിൽ വർധനയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 5,000 ഡോക്ടർമാരും 11,000 എൻജിനീയർമാരും 13,000 അക്കൗണ്ടന്റുകളും പാകിസ്താൻ വിട്ടതായി അടുത്തിടെയുള്ള ഒരു സർക്കാർ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ കൂട്ടപ്പലായനത്തെ ‘ബ്രെയിൻ ഗെയിൻ’ എന്ന് വിശേഷിപ്പിച്ച പാക് സൈനിക മേധാവി അസിം മുനീർ വൻതോതിലുള്ള പരിഹാസവും വിമർശനവുമാണ് നേരിടുന്നത്.

സമ്പദ് വ്യവസ്ഥ നന്നാക്കാൻ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം ശരിയാക്കുകയാണ് ആവശ്യമെന്ന് മുൻ പാക് സെനറ്റർ മുസ്തഫ നവാസ് ഖോഖർ അഭിപ്രായപ്പെട്ടു. 2024-ൽ 7,27,381 പാകിസ്താനികൾ വിദേശ തൊഴിലിനായി രജിസ്റ്റർ ചെയ്തു. ഈ വർഷം നവംബർ വരെ 6,87,246 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൾഫിൽ വേതനം തേടുന്ന തൊഴിലാളികളിലേക്കോ വിദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന തൊഴിലന്വേഷകരിലേക്കോ ഈ പലായനം ഒതുങ്ങുന്നില്ല എന്നതാണ് ആശങ്കയുളവാക്കുന്നത്. ആരോഗ്യമേഖലയെയാണ് പലായനം ഏറ്റവും കൂടുതൽ ബാധിച്ചത്. 2011-നും 2024-നും ഇടയിൽ, പാകിസ്താനിൽനിന്നുള്ള നഴ്സുമാരുടെ കുടിയേറ്റത്തിൽ 2,144% വർധനയുണ്ടായി. എക്സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ പ്രവണത ഇക്കൊല്ലവും തുടർന്നു.

വൈറ്റ് കോളർ പ്രൊഫഷണലുകളുടെ പലായനം വർധിച്ചതോടെ ഷഹ്ബാസ് ഷെരീഫ് സർക്കാർ വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. 2025-ൽ പാക് വിമാനത്താവളങ്ങളിൽനിന്ന് 66,154 യാത്രക്കാരാണ് മറ്റ് രാജ്യങ്ങളിലേക്ക് പോയത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് ഇരട്ടിയാണ്. അതേസമയം, ഭിക്ഷാടനത്തിനും നിയമവിരുദ്ധ കുടിയേറ്റത്തിനുമായി പതിനായിരക്കണക്കിന് പാകിസ്താനികളെ ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും നാടുകടത്തുകയും ചെയ്തു.

അതിനിടെ, വിദേശ കുടിയേറ്റത്തെ “ബ്രെയിൻ ഡ്രെയിൻ” എന്നതിനുപകരം ‘ബ്രെയിൻ ഗെയിൻ’ എന്ന് വിശേഷിപ്പിച്ച അസിം മുനീറിന്റെ പരാമർശം സാമൂഹികമാധ്യമ ഉപയോക്താക്കളുടെ വലിയ പ്രതിഷേധത്തിനും പരിഹാസത്തിനും വിധേയമാകുകയാണ്. യുഎസിൽ പ്രവാസികളെ അഭിസംബോധന ചെയ്തുള്ള ഒരു പ്രസംഗത്തിനിടയിലാണ് അസിം മുനീർ ഈ പരാമർശം നടത്തിയത്. മാനസികനില തകരാറായുള്ള ഒരാളുടെ അഭിപ്രായത്തിൽ, ഇതൊരു ബ്രെയിൻ ഗെയിൻ ആണ്,” ഒരു ഉപയോക്താവ് എക്സ് പോസ്റ്റിൽ പരിഹസിച്ചു. നിരവധി പേരാണ് അസിം മുനീറിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്.

You might also like

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

Top Picks for You
Top Picks for You