ആൽബർട്ട: ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. സെപ്റ്റംബർ 25-ന്, കൗട്ട്സ് അതിർത്തി ചെക്ക് പോസ്റ്റിൽ കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഏകദേശം 77 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്. യു.എസിൽ നിന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ട്രക്കിലാണ് ഇത് കണ്ടെത്തിയത്.
ഇന്ത്യക്കാരനും കാൽഗറി സ്വദേശിയുമായ സുർജ് സിംഗ് സലാരിയ ആണ് ട്രക്ക് ഓടിച്ചിരുന്നത്. 28 വയസ്സുകാരനായ ഇയാളെ അറസ്റ്റ് ചെയ്തു. സുർജ് സിംഗിനെ തിങ്കളാഴ്ച ലെത്ബ്രിഡ്ജ് കോടതിയിൽ ഹാജരാക്കും. നിരോധിത വസ്തുക്കൾ രാജ്യത്തേയ്ക്ക് കടത്തുക, നിയന്ത്രിത വസ്തുക്കൾ കച്ചവടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിയമ നിർവ്വഹണ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയാണ് ആൽബർട്ടയിലെ ജനങ്ങൾക്കിടയിൽ എത്തുന്നതിനുമുമ്പ് ഈ കൊക്കെയ്ൻ പിടിച്ചെടുക്കാൻ കഴിഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.







