ഓട്ടവ: ഓണപ്പെരുമയിൽ കനേഡിയൻ പാർലമെന്റ് സമുച്ചയം കേരളക്കരയണിഞ്ഞു. ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്‌സ് ആൻഡ് കൾച്ചർ ഒരുക്കിയ നാലാമത് പ്രൗഢഗംഭീരമായ ദേശീയ ഓണാഘോഷം ഭരണ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാരുടെ സാംസ്‌കാരികാഘോഷങ്ങൾ വിമർശനം ക്ഷണിച്ചുവരുത്തുന്നതിനിടെ ഒരു രാജ്യത്തിന്റെ പാർലമെന്റ് സമുച്ചയത്തിൽ ഓണം ആഘോഷിക്കുന്നതിലൂടെയാണ് കനേഡിയൻ മലയാളികൾ വ്യത്യസ്തരാകുന്നത്. മലയാളികളുടെ ദേശീയ ആഘോഷത്തിന് കനേഡിയൻ തലസ്ഥാനത്ത് ഒരിക്കൽക്കൂടി പൂക്കളമൊരുങ്ങിയതിലൂടെ ഓണം മൂഡിന് പകർന്നത് പൊൻപൊലിമ.
കാനഡയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം മലയാളി സംഘടനകളുടെകൂടി സഹകരണത്തോടെയായിരുന്നു ജോൺ എ. മക്‌ഡോണൾഡ് ഹാൾ ദേശീയ ഓണാഘോഷത്തിന് വേദിയൊരുക്കിയത്. മിക്ക സംഘടനകളുടെയും പ്രതിനിധികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. മൈക്കൽ ബാരറ്റ് എംപിയാണ് ഇക്കുറിയും ആതിഥ്യംവഹിച്ചത്. താലപ്പൊലിയും മാവേലി എഴുന്നള്ളിപ്പും എഡ്മിന്റനിൽനിന്നുള്ള നാദം കലാസമിതിയുടെ ചെണ്ടമേളത്തോടെയുമാണ് അതിഥികളെ വരവേറ്റത്. നാട്ടിൽനിന്ന് പാർലമെന്റിലെ ഓണാഘോഷത്തിനായി പ്രത്യേകമായി തയാറാക്കി എത്തിച്ച വേഷത്തിലാണ് മാവേലി എഴുന്നള്ളിയത്.
കേരളത്തെയും ഓണാഘോഷത്തെയും വരച്ചുകാട്ടിയ കേരള ടൂറിസത്തിന്റെ ഹൃസ്വ വിഡിയോ പ്രദർശനത്തോടെയായിരുന്നു തുടക്കം. പുഷ്പാലംകൃതമായ വേദിയിൽ മാവേലിയും കഥകളിയുമെല്ലാം നിറഞ്ഞു. പൂക്കളത്തിനുമുന്നിൽ ചിത്രങ്ങളെടുക്കാനും തിരക്കായിരുന്നു. കാനഡയുടെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്, ഫെഡറൽ മന്ത്രി റൂബി സഹോട്ട എന്നിവരുൾപ്പെടെ പതിനഞ്ചോളം പാർലമെന്റംഗങ്ങൾ പങ്കാളികളായി. പാർലമെന്റംഗങ്ങളെ പൊന്നാടയണിച്ചാണ് വേദിയിൽ ആദരിച്ചത്.







