വടക്കൻ കാൽഗറിയിലെ വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ചയെ തുടർന്ന് അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊട്ടു മുൻപാണ് താരഡേൽ കമ്യൂണിറ്റിയിലെ താരലേക്ക് വേ NE-യിലുള്ള ഒരു രണ്ട് നില വീട്ടിൽ കാർബൺ മോണോക്സൈഡ് ചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് അഗ്നിശമന സേന എത്തിയത്. സേനയെത്തുമ്പോൾ ബേസ്മെൻ്റ് സ്യൂട്ടിലും മുകളിലെ നിലകളിലുമായി താമസിക്കുന്നവർക്ക് സുഖമില്ലായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. തലേദിവസം ഇവരെല്ലാവരും തന്നെ ചികിത്സ തേടിയിരുന്നെങ്കിലും വീട്ടിലേക്ക് മടങ്ങിയിരുന്നു.
അഗ്നിശമന സേന വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അവർ ഫർണസും ഹോട്ട് വാട്ടർ ടാങ്കും പ്രവർത്തിപ്പിച്ചപ്പോൾ കാർബൺ മോണോക്സൈഡിൻ്റെ അളവ് 172 ppm (പാർട്സ് പെർ മില്യൺ) ആയി ഉയർന്നു. ഇത് അപകടപരിധിയായ 50 ppm എന്നതിനേക്കാൾ വളരെ കൂടുതലാണ്. തുടർന്ന് സംഭവസ്ഥലത്തേയ്ക്ക് ആംബുലൻസുകൾ എത്തിച്ച് കുട്ടിയടക്കം അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്മെൻ്റ് കാർബൺ മോണോക്സൈഡ് അലാറങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കി. വീടിൻ്റെ എല്ലാ നിലകളിലും, പ്രത്യേകിച്ച് ഉറങ്ങുന്ന സ്ഥലങ്ങൾക്ക് സമീപം ഇവ സ്ഥാപിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇന്ധനം കത്തിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കാനും, മതിയായ വായുസഞ്ചാരമില്ലാത്ത അടഞ്ഞ സ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിക്കരുതെന്നും താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







