ഒന്റാരിയോ: മനുഷ്യ ഹൃദയ ഗവേഷണങ്ങൾക്കായി ഒന്റാരിയോയിലെ ആശുപത്രിയിൽ നായ്ക്കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലണ്ടൻ ഒന്റാരിയോയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലാണ് ഗവേഷണത്തിനായി നായ്ക്കുട്ടികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത്. മനുഷ്യരിൽ ഹൃദയാഘാതം എങ്ങനെ സുഖപ്പെടുത്താം എന്നതിനെക്കുറിച്ച് പഠിക്കുന്ന ആശുപത്രിയിലെ ലോസൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നായ്ക്കളെ സ്റ്റാൻഡ്-ഇന്നായി ഉപയോഗിക്കുന്നു. മൃഗങ്ങളിൽ മൂന്ന് മണിക്കൂർ വരെ ഹൃദയാഘാതമുണ്ടാകുമെന്നും തുടർന്ന് അവയെ കൊന്ന് ഹൃദയം നീക്കം ചെയ്യുന്നുവെന്നും നിലവിൽ അവിടെ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർ വെളിപ്പെടുത്തുന്നു.ആശുപത്രിയുടെ ഈ ദീർഘകാല ഡോഗ് റിസർച്ച് പ്രോഗ്രാം പൊതുജനങ്ങളിൽ നിന്നും രോഗികളിൽ നിന്നും ആശുപത്രി മറച്ചുവെച്ചിരിക്കുകയായിരുന്നു.
അതേസമയം, പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മെഡിക്കൽ സേവനത്തിൽ നായകളെ ധാർമ്മികമായി പരിഗണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. പൊതുജന ധനസഹായത്തോടെ നടത്തുന്ന ഗവേഷണം അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചയ്തിട്ടുണ്ടെന്നും ആശുപത്രി പറയുന്നു. എന്നാൽ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ബ്യൂറോ(ഐജെബി) അഭിമുഖം നടത്തിയ ചില വിദഗ്ധർ പറയുന്നത് ഈ പരീക്ഷണങ്ങളിൽ നായ്ക്കളെ ഉപയോഗിക്കുന്നത് അധാർമികമാണെന്നാണ്. യുഎസിൽ നിന്നുള്ള പല ബ്രീഡുകളിൽ നിന്നുള്ള നായ്ക്കുട്ടികളെ ആശുപത്രിയിലേക്ക് പരീക്ഷണത്തിനായി എത്തിക്കുന്നുണ്ട്. പരീക്ഷണശാലയിൽ എത്തിക്കുന്ന നായ്ക്കളുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വെക്കുമെന്ന് ജീവനക്കാർ പറയുന്നു.
ഏപ്രിലിൽ സെന്റ് ജോസഫ്‌സിൽ IJB ചിത്രീകരിച്ച വീഡിയോകളിൽ ആശുപത്രിയിലേക്ക് രഹസ്യമായി വെളുത്ത വാനിൽ നായ്ക്കുട്ടികളെ സെക്യൂരിറ്റി ഗാർഡുകൾ എത്തിക്കുന്നത് കാണാം. പരീക്ഷണശാലയ്ക്ക് ചുറ്റും കുറഞ്ഞത് അഞ്ചോ ആറോ പേരെങ്കിലും സുരക്ഷയ്ക്കായി ഉണ്ടാകും. ആരും പരിസരത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് അവർ ഉറപ്പാക്കുമെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രിയിലെ ആറാം നിലയിലാണ് പരീക്ഷണങ്ങൾക്കായി നായ്ക്കുട്ടുകളെ എത്തിക്കുക. വിവിധ നടപടിക്രമങ്ങൾക്കും പരിശോധനകൾക്കും ശേഷം നായ്ക്കുട്ടികളെ കൊല്ലുകയും കൂടുതൽ പഠനത്തിനായി അവയുടെ ഹൃദയങ്ങൾ നീക്കം ചെയ്യുകയുമാണ് ചെയ്യുക.
കാനഡയിൽ എല്ലാ വർഷവും ആയിരക്കണക്കിന് നായകൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2020 നും 2023 നും ഇടയിൽ ഡോഗ് ടെസ്റ്റിംഗ് ഇരട്ടിയായി. 2023 ൽ മാത്രം കനേഡിയൻ കൗൺസിൽ ഓൺ അനിമൽ കെയർ(CCAC) സാക്ഷ്യപ്പെടുത്തിയ ഗവേഷണ പഠനങ്ങളിൽ ഉപയോഗിച്ച നായ്ക്കളുടെ എണ്ണം 16,000 ആയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.