സാൾട്ട് ലേക്ക് സിറ്റിയിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനം 1600 അടി ഉയരത്തിൽ വെച്ച് ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് മിനിയാപൊളിസ്-സെന്റ്‌പോൾ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 25 യാത്രക്കാർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ എയർബസ് എ 330-900 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.
എട്ട് മണിക്കൂർ യാത്രയ്ക്കായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ആകാശച്ചുഴിയിൽപ്പെട്ടത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകാശച്ചുഴിയിൽപ്പെട്ട് ചില യാത്രക്കാർക്ക് തലക്കറക്കവും ഛർദ്ദിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കിയ ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി യാത്രക്കാർക്ക് പ്രാഥമിക ചികിത്സ നൽകി.