പലസ്തീന് സ്വതന്ത്രരാഷ്ട്ര പദവി നൽകുന്നതിനെ കാനഡ പിന്തുണയ്ക്കുന്നത് ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലെത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി.
‘പലസ്തീന് സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡ പ്രഖ്യാപിച്ചിരുന്നു, ഈ തീരുമാനം അവരുമായി വ്യാപാര കരാറിൽ എത്തിച്ചേരുന്നതിന് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും’ ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു. ഓഗസ്റ്റ് 1 ലെ വ്യാപാര സമയപരിധിക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിൻറെ സോഷ്യൽ മീഡിയയിലെ പോസ്റ്റ്. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് സെഷനിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നതായി മാർക്ക് കാർണി ഇന്നലെ വ്യക്തമാക്കിയിരുന്നു.