ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെ കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗരഭിന്റെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മെല്‍ബണിലെ ഷോപ്പിങ് കേന്ദ്രത്തിനു സമീപമാണ് സൗരഭ് ആനന്ദിനെ ആക്രമിച്ചത്. ഷോപ്പിങ് സെന്ററിലെ ഒരു ഫാര്‍മസിയില്‍ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ അഞ്ചുപേര്‍ ആക്രമിക്കുകയായിരുന്നു. നിലത്തു വീഴുന്നതുവരെ ഒരാള്‍ സൗരഭിനെ അടിച്ചു. മറ്റൊരാള്‍ കഴുത്തില്‍ ആയുധംവച്ചു. സൗരഭ് പ്രതിരോധിച്ചപ്പോള്‍ ആയുധം ദേഹത്തേക്ക് തുളച്ചു കയറ്റി. ആനന്ദ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കയ്യിലെ ആഴത്തിലുള്ള മുറിവുകള്‍ തുന്നിച്ചേര്‍ത്തു. പൂര്‍വസ്ഥിതിയിലേക്കെത്താന്‍ ഏറെനാളുകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.