എഡ്മൻ്റൺ: മോർ യാക്കോബ് ബുർദ്ദാനയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിൻ കീഴിലുള്ള എഡ്മൻ്റൺ സെൻ്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യാക്കോബ് ബുർദ്ദാനയുടെ ഓർമപെരുന്നാൾ 26,27 തീയതികളിൽ നടക്കും. പെരുന്നാളിന്റെ കൊടിയേറ്റ് ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് നിർവ്വഹിച്ചു.
ജൂലൈ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പെരുന്നാൾ സന്ധ്യാ നമസ്കാരവും തുടർന്ന് വചന ശുശ്രൂഷയും നടത്തപ്പെടും. പ്രധാന പെരുന്നാൾ ദിനമായ ജൂലൈ 27 ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുളന്തുരുത്തി എംഎസ്ഒടി സെമിനാരിയിലെ മുൻ പ്രൊഫസർ റവ. എം.ടി. കുര്യച്ചൻ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. എഡ്മൻ്റൺ സെന്റ് തോമസ് ക്നാനായ പള്ളി വികാരി ഫാ. മാത്യു പി. ജോസ്ഫ്, ഫാ. തോമസ് പൂതിയോട്ട് കശീശാ എന്നിവർ സഹകാർമികത്വവും വഹിക്കും. തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, കൊടിയിറക്കം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.