സഖ്യകക്ഷികള്‍ മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചതോടെ ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മതവിദ്യാര്‍ത്ഥികള്‍ക്ക് സൈനിക സേവനത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീവ്ര യാഥാസ്ഥിതിക കക്ഷിയായ യുണൈറ്റഡ് തോറ ജുഡായിസത്തിന്റെ (യുടിജെ) ആറ് അംഗങ്ങള്‍ രാജി നല്‍കാന്‍ തീരുമാനിച്ചത്. യുടിജെയുടെ സഖ്യകക്ഷിയായ ഷാസും സര്‍ക്കാര്‍ വിടുമെന്ന് പ്രഖ്യാപിച്ചതോടെ, നെതന്യാഹുവിന്റെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുന്ന അവസ്ഥയാണ്.
നയം തിരുത്താന്‍ നെതന്യാഹുവിന് 48 മണിക്കൂര്‍ സമയം നല്‍കുമെന്ന് യുടിജെ അറിയിച്ചിട്ടുണ്ട്. 21 മാസമായി തുടരുന്ന ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തെത്തുടര്‍ന്ന് മതവിദ്യാര്‍ത്ഥികള്‍ക്ക് സൈനിക സേവനത്തില്‍ നല്‍കിയിരുന്ന ഇളവുകള്‍ തുടരാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പേരിലും നെതന്യാഹുവിന് സഖ്യകക്ഷികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. പാര്‍ലമെന്റ് ഈ മാസം അവസാനത്തോടെ പിരിയുന്നതിനാല്‍, പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് മൂന്ന് മാസം വരെ സമയം ലഭിക്കുമെന്നാണ്വിലയിരുത്തല്‍.