സമ്മർ സീസണിൽ വരണ്ട കാലാവസ്ഥയെ നേരിടാനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയതായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രവിശ്യയിൽ ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ വാട്ടർ, ലാൻഡ്, ആൻഡ് റിസോഴ്‌സ് സ്റ്റിയുവാർഡ്ഷിപ്പ് മിനിസ്റ്റർ റാൻഡീൻ നീൽ ആണ് ജനങ്ങളോട് ആവശ്യം ഉന്നയിച്ചത്.
പ്രവിശ്യയിലുടനീളമുള്ള മിക്ക വെതർ സ്റ്റേഷനുകളും സാധാരണയിലും താഴെയാണ് നീരൊഴുക്ക് റിപ്പോർട്ട് ചെയ്യുന്നതെന്ന് മന്ത്രാലയം പറയുന്നു.
സ്വമേധാ ഉള്ള സംരക്ഷണമാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അരുവിയുടെ ഒഴുക്ക് നിർണായക നിലയിലേക്ക് കുറയുകയും ദുർബല ജീവിവർഗ്ഗങ്ങൾ അപകടത്തിലാകുകയും ചെയ്യുമ്പോൾ നിയന്ത്രണ നടപടികളും പരിഗണിക്കണമെന്ന് നീൽ വിശദീകരിച്ചു. സംരക്ഷണ ഉത്തരവുകൾ എല്ലായ്‌പ്പോഴും അവസാന ആശ്രയമായിട്ടാണ് പുറപ്പെടുവിക്കാറുള്ളതെന്നും എന്നാൽ നിർണായകമായ മത്സ്യങ്ങളെയും ജല ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് അത് ആവശ്യമായി വന്നേക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു.