പുതിയ തീരുവകൾ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ തന്‍റെ മന്ത്രിസഭാംഗങ്ങളുമായി ഇന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തും. അടുത്ത ആഴ്ച ഈ വിഷയത്തിൽ കനേഡിയൻ പ്രീമിയർമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓഗസ്റ്റ് 1 മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 35% തീരുവ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് കാർണിക്ക് അയച്ച കത്തിൽ പറഞ്ഞു. അതേസമയം കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിന് അനുസൃതമായ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് ബാധകമായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ താരിഫ് ഭീഷണിയും ചെമ്പ് ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്താനും സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് നിലവിലുള്ള ലെവികൾ ഇരട്ടിയാക്കാനും ട്രംപിന്‍റെ സമീപകാല നീക്കങ്ങളോടോ കാനഡ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂലൈ 21-നകം ഒരു പുതിയ വ്യാപാര, സുരക്ഷാ കരാറിൽ എത്താൻ കാർണിയും ട്രംപും കഴിഞ്ഞ മാസം സമ്മതിച്ചിരുന്നു. എന്നാൽ കരാർ ഉറപ്പിക്കുന്നതിനുള്ള സമയപരിധിയിൽ നിന്നും ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ് യുഎസ് പ്രസിഡൻ്റ്.