കാലിഫോർണിയ: ഇൻറർനെറ്റ് ബ്രൗസിംഗ് രംഗത്തും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പിടിമുറുക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ പ്രധാനികളിലൊന്നായ ഓപ്പൺഎഐ, എഐ അധിഷ്ഠിത ബ്രൗസർ ആഴ്‌ചകൾക്കുള്ളിൽ പുറത്തിറക്കും. ഗൂഗിളിൻറെ ഏറ്റവും പ്രചാരമുള്ള ക്രോം ബ്രൗസറിനെ വീഴ്ത്തുക ലക്ഷ്യമിട്ടാണ് ഓപ്പൺ എഐ ഈ എഐ ബ്രൗസർ ഒരുക്കുന്നത്.
ഓപ്പൺഎഐ ബ്രൗസർ പ്രവർത്തനം എങ്ങനെ?
ഓപ്പൺഎഐ അവരുടെ സ്വന്തം എഐ അധിഷ്ഠിത ബ്രൗസർ വരും ആഴ്‌ചകളിൽ പുറത്തിറക്കും. ബ്രൗസർ വിപണിയിൽ ഗൂഗിൾ ക്രോമിനുള്ള മേധാവിത്വം തകർക്കുകയാണ് ഓപ്പൺഎഐയുടെ ലക്ഷ്യം. ചാറ്റ്‌ബോട്ടുകൾക്കും മറ്റ് എഐ ടൂളുകൾക്കും അപ്പുറത്തേക്ക് ഇൻറർനെറ്റിൽ സ്ഥാനമുറപ്പിക്കാനാണ് ഓപ്പൺഎഐയുടെ ശ്രമം. ഓരോ വെബ്‌സൈറ്റുകളിലേക്കും ചൂണ്ടുപലകയാവുന്ന പരമ്പരാഗത ബ്രൗസറുകൾക്ക് പകരം എഐ നിയന്ത്രിക്കുന്ന, എഐ ചോദ്യങ്ങൾ പ്രോസസ് ചെയ്യുകയും വേഗത്തിലും എളുപ്പത്തിലും ഉത്തരം നൽകുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഓപ്പൺഎഐയുടെ പുത്തൻ ബ്രൗസർ. ചാറ്റ്‌ജിപിയിൽ ചാറ്റ് ചെയ്യുന്നത്ര ലളിതമായി ഈ ബ്രൗസറിൽ ടാസ്‌കുകൾ ചെയ്യാനാകും. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, ഫോമുകൾ പൂരിപ്പിക്കാനും, വെബ് പേജുകൾ സംഗ്രഹിക്കാനുമെല്ലാം ബ്രൗസർ വിടാതെതന്നെ കഴിയും. ബ്രൗസറുകളിൽ അനേകം ടാബുകൾ ഓപ്പണാക്കി വെക്കുന്ന പതിവ് രീതിക്ക് വിരാമമിടാൻ ഇതുവഴിയാകും.
ഗൂഗിൾ ക്രോമിനും മൈകോസോഫ്റ്റ് എഡ്‌ജിനും ഒപ്പേറയ്ക്കും കരുത്തേകുന്ന ഓപ്പൺ-സോഴ്‌സ് കോഡായ ക്രോമിയത്തിൽ തന്നെ തയ്യാറാക്കുന്ന ഈ ബ്രൗസർ ഉപഭോക്താക്കൾക്ക് സുപരിചിതമായ വെബ്‌സൈറ്റുകളും എക്‌സ്‌ടെൻഷനുകളും പിന്തുണയ്ക്കും. എഐ കൂടുതൽ വ്യക്തിഗതമായ സെർച്ച് ഫലങ്ങളും വിവരങ്ങളും യൂസർമാർക്ക് നൽകും.
ആഗോള ഇൻറർനെറ്റ് ബ്രൗസിംഗ് വിപണിയുടെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്നത് ഗൂഗിൾ ക്രോമാണ്. ഗൂഗിളിൻറെ പരസ്യ, ട്രാഫിക് മേഖലകളുടെ പ്രധാന സോഴ്‌സ് ഈ സെർച്ച് എഞ്ചിനാണ്. യൂസർമാരുടെ എണ്ണത്തിൽ ക്രോമിനെ വെല്ലുവിളിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ഓപ്പൺഎഐയുടെ എഐ ബ്രൗസറിന് കഴിഞ്ഞാൽ അത് ഗൂഗിളിൻറെ പ്രധാന വരുമാന ശ്രോതസിനെ തന്നെ പ്രതികൂലമായി ബാധിക്കും.
പെർപ്ലെക്സിറ്റി എഐയുടെ ‘കോമറ്റ്’
ഇൻറർനെറ്റ് സെർച്ച് രംഗത്ത് ഗൂഗിളിൻറെ അപ്രമാദിത്വം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സ്റ്റാർട്ടപ്പ് കമ്പനിയായ പെർപ്ലെക്സിറ്റി എഐ അടുത്തിടെ ‘കോമറ്റ്’ എന്ന പേരിൽ സ്വന്തം എഐ വെബ് ബ്രൗസർ അവതരിപ്പിച്ചിരുന്നു. എജൻറിക് എഐ കരുത്തോടെയാണ് കോമറ്റ് വെബ് ബ്രൗസർ രൂപകൽപന ചെയ്തിരിക്കുന്നത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകുക മാത്രമല്ല, നിങ്ങൾക്കായി ജോലികൾ ചെയ്യാൻ കഴിയുന്ന ഏജൻറ് എന്ന നിലയിലാണ് കോമറ്റിനെ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പെർപ്ലെക്സിറ്റി പറയുന്നത്. കോമറ്റിലേക്ക് പെർപ്ലെക്സിറ്റി എഐയെ നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് വിവർത്തനം ചെയ്യാനും സംഗ്രഹിക്കാനുമൊക്കെ ബ്രൗസറിനുള്ളിൽ വച്ച് തന്നെ കഴിയും. എഐ ബ്രൗസർ രംഗത്തേക്ക് ഓപ്പൺഎഐയും വരുന്നതോടെ പുതിയ മത്സരതലം തുറക്കും.