ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി ഗാസക്കെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രയേലി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവനുമായ യെയര്‍ ഗോലാന്‍. വെടിനിര്‍ത്തല്‍ കരാര്‍ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നെതന്യാഹു, സ്‌മോട്രിച്ച്, ബെന്‍ ഗ്വിര്‍ എന്നിവര്‍ കരാര്‍ വീണ്ടും വീണ്ടും അട്ടിമറിക്കുകയാണ്’ എന്ന് തടവുകാരെ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ പരാമര്‍ശിച്ച് എക്സിലെ പ്രസ്താവനയില്‍ ഗോലാന്‍ എഴുതി. തീവ്ര വലതുപക്ഷ നേതൃത്വം സൈനികരുടെയും തടവുകാരുടെയും ജീവനേക്കാള്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ ഭീഷണിയെത്തുടര്‍ന്ന് കുറഞ്ഞത് 30 ബന്ദികളുടെ മോചനം ഉറപ്പാക്കാമായിരുന്ന ഗാസ വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹു ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ എതിര്‍പ്പ് കാരണം ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഇസ്രയേല്‍-സൗദി സാധാരണവല്‍ക്കരണം ഉറപ്പാക്കാനുള്ള വൈറ്റ് ഹൗസിന്റെ ശ്രമത്തെയും നെതന്യാഹു തടസ്സപ്പെടുത്തിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
.