അവധി ദിനങ്ങളില്‍ നദികളിലിറങ്ങുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവര്‍ത്തിച്ച് കാല്‍ഗറി സിറ്റി അധികൃതര്‍. ബോ (Bow), എല്‍ബോ (Elbow) നദികളില്‍ ജലവിനോദങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ പലരും അവഗണിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഹാര്‍വി പാസേജില്‍ (Harvie Passage) 2016-ന് ശേഷമുള്ള രണ്ടാമത്തെ വലിയ അപകടനിരക്കാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത് ബോ നദിയിലെ ഒഴുക്കിന്റെയും വെല്ലുവിളികളുടെയും ഗൗരവം സൂചിപ്പിക്കുന്നുവെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കരോള്‍ ഹെന്‍കെ പറഞ്ഞു. ലൈഫ് ജാക്കറ്റ് ഇല്ലാതെ റാഫ്റ്റിങ് നടത്തുക, മദ്യപിച്ച് വെള്ളത്തില്‍ ഇറങ്ങുക, റാഫ്റ്റുകള്‍ കൂട്ടിക്കെട്ടുക, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇപ്പോള്‍ സാധാരണമായതായി റാഫ്റ്റ് കളക്ഷന്‍ ഏജന്‍സിയായ ലേസി ഡേ റാഫ്റ്റ്‌സിലെ (Lazy Day Rafts) റെമി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍:
-നദിയില്‍ ഇറങ്ങുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കുക
-മദ്യപിച്ച് ജലത്തില്‍ ഇറങ്ങരുത്
-പാഡില്‍ ബോര്‍ഡ് ലീഷ് ഉപയോഗിക്കരുത്
-നദിയില്‍ ഒരിക്കലും റാഫ്റ്റുകള്‍ കൂട്ടിക്കെട്ടരുത്
-നദിയില്‍ ഇറങ്ങുന്നതിന് മുന്‍പ് ഒഴുക്കും കാലാവസ്ഥയും പരിശോധിക്കുക
സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി അവധി ദിനം ആസ്വദിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.