newsroom@amcainnews.com

യുക്രെയ്ൻ സൈന്യം റഷ്യയിൽ നടത്തിയത് ഡ്രോണുകളുപയോഗിച്ചുള്ള ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക്; സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചു, സാങ്കേതികവിദ്യ അവിശ്വസനീയം

ന്യൂഡൽഹി: ഡ്രോണുകളുപയോഗിച്ച് നടത്തുന്ന ആദ്യത്തെ സർജിക്കൽ സ്ട്രൈക്ക് ആവാം ഞായറാഴ്ച യുക്രെയ്ൻ സൈന്യം റഷ്യയിൽ നടത്തിയത്. റഷ്യയുടെ 5000 കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാർഗം 117 ഡ്രോണുകൾ ലോറികളിൽ അയച്ച്, തകർക്കാനുദ്ദേശിച്ച ലക്ഷ്യങ്ങളായ വ്യോമത്താവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെ നിന്ന് പ്രഹരം. റഷ്യൻ സൈന്യത്തിന്റെയും മറ്റ് സുരക്ഷാസംവിധാനങ്ങളുടെയും എല്ലാ കാവലുകളുടെയും കണ്ണുവെട്ടിച്ച് റഷ്യൻ ഭൂമിക്കുള്ളിൽ ഇത്ര ദൂരം എങ്ങനെയെത്തിയെന്നതു കൂടാതെ പ്രഹരത്തിനുപയോഗിച്ച സാങ്കേതികവിദ്യയും അവിശ്വസനീയമാണ്. പ്രഹരിക്കേണ്ട സമയമായപ്പോൾ അകലെനിന്ന് റിമോട്ട് കൺട്രോളിലൂടെ അവ പ്രവർത്തിപ്പിക്കുകയായിരുന്നു.

റഷ്യയുടെ 40–ൽ അധികം ബോമർ വിമാനങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് അറിയുന്നത്. അവയിൽ 13 എണ്ണം പൂർണ്ണമായി തകർന്നുവെന്നും ബാക്കിയുള്ളവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യയ്ക്ക് ഏതാണ്ട് 200 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടുന്നത്. റഷ്യ നേരിട്ട സൈനികനഷ്ടം സാരമില്ലാത്തതാണ്. തുപ്പലേവ്–95, 22, ബെറിയേവ് എ–50 തുടങ്ങിയ പഴയതലമുറ വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആദ്യത്തേത് 1950 കളിൽ വികസിപ്പിച്ച ടർബോ–പ്രോപ് ബോമർ വിമാനങ്ങളാണെങ്കിൽ തുപ്പലേവ്–22 1960 കളിലെ ആദ്യതലമുറ സൂപ്പർസോണിക് ബോമർ വിമാനങ്ങളാണ്. ബെറിയേവ് എ–50 ആവട്ടെ 1970 കളിലെ ആദ്യതലമുറ എവാക്സ് വിമാനങ്ങളും.

തുപ്പലേവ് സീരിസിലെ 2 വിമാനങ്ങളും ആദ്യതലമുറ ആണവബോംബുകളുടെ വാഹകരായി ഉപയോഗിച്ചിരുന്ന വിമാനങ്ങളാണ്. നിലവിൽ അണ്വായുധവാഹകരമായി മിസൈലുകളാണ് ഉപയോഗിക്കുന്നത്. എങ്കിലും മിസൈലുകളുടെ കമാൻഡ്–കൺട്രോൾ സംവിധാനങ്ങൾക്ക് എന്തെങ്കിലും കേടുപാടുണ്ടായാൽ പകരം ഉപയോഗിക്കാനാണ് ഈ വിമാനങ്ങൾ സൂക്ഷിച്ചിരുന്നത്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ ആണവേതര ബോമറുകളായും ഇടയ്ക്കിടെ ഇവ ഉപയോഗിച്ചിരുന്നു.

റഷ്യയ്ക്ക് നാണക്കേട്ആയുധനഷ്ടത്തെക്കാൾ പ്രധാനം റഷ്യൻ സുരക്ഷാസംവിധാനത്തിന് സംഭവിച്ചത് പ്രതിച്ഛായനഷ്ടമാണ്. സോവിയറ്റ് കാലത്തേതിന് സമാനമായ സുരക്ഷാസംവിധാനമാണ് വ്ലാഡിമിർ പുട്ടിന്റെ റഷ്യയിൽ എന്നാണ് ലോകം കരുതിപ്പോന്നിരുന്നത്. ഇന്നാൽ, ഇത്രയധികം ഡ്രോണുകൾ റഷ്യൻ ഭൂമിയുടെ ഉള്ളിലേക്ക് രഹസ്യമായി എത്തിച്ച് ഇങ്ങനെയൊരു പ്രഹരം നടത്താൻ യുക്രെയ്നിനു സാധിച്ചത് റഷ്യയ്ക്കും പുട്ടിനും നാണക്കേടുണ്ടാക്കുന്നു.

ചാരക്കണ്ണുകൾ വെട്ടിച്ച്ഒന്നരകൊല്ലമായി ഇങ്ങനെയൊരു പ്രഹരപദ്ധതി അണിയറയിൽ തയാറായിവരികയായിരുന്നുവെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അവകാശപ്പെട്ടിരിക്കുന്നത്. റിമോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രഹരം നടത്തുന്നതിനു വളരെ മുൻപു തന്നെ അതിൽ പ്രവർത്തിച്ചവരെ തിരിച്ച് യുക്രയെനിലെത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതായത് ഒന്നരക്കൊല്ലമായി അവർ റഷ്യൻ ചാരസംഘടനകളുടെ കണ്ണിൽപെടാതെ റഷ്യയിൽ കടന്നുകയറി ആക്രമണം ആസൂത്രണം ചെയ്തശേഷം രക്ഷപ്പെടുകയും ചെയ്തു.

You might also like

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

Top Picks for You
Top Picks for You