ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്–2ലെ വസതിയിലാണ് സംഭവം. മകൾക്കുനേരെ പിതാവ് ദീപക് യാദവ് അഞ്ച് റൗണ്ട് വെടിയുതിർത്തു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്തു. പരുക്കേറ്റ രാധികയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാധിക നടത്തുന്ന ടെന്നിസ് അക്കാദമിയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്കാദമി പൂട്ടാൻ ദീപക് നിർബന്ധിച്ചിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംസ്ഥാനതല ടെന്നിസ് താരമായിരുന്ന രാധിക നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ പട്ടികയിൽ ഡബിൾസ് ടെന്നിസ് കളിക്കാരിൽ 113ാം സ്ഥാനത്താണ് രാധികയെന്ന് ടെന്നീസ്ഖേലോ.കോം വെബ്സൈറ്റ് പറയുന്നു. പിതാവ് ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.