newsroom@amcainnews.com

കോൺഗ്രസ് അവിശ്വാസത്തെ ഭയന്ന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്‌ രാജിവച്ചു

ഗുവാഹത്തി: കലാപത്തെത്തുടർന്നു രാജിസമ്മർദം നേരിട്ടിരുന്ന മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്‌ രാജി വച്ചു. ഗവർണർ അജയ് ഭല്ലയെ കണ്ട് രാജിക്കത്ത് കൈമാറി. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. സംസ്‌ഥാന ബി.ജെ.പി. പ്രസിഡന്റ്‌ എ. ഷർദ, ബി.ജെ.പിയുടെ വടക്കു കിഴക്കൻ ചുമതലയുള്ള സംബിത്‌ പത്ര എന്നിവർക്കും 19 എം.എൽ.എമാർക്കുമൊപ്പം രാജ്‌ഭവനിലെത്തി ഗവർണർ അജയ്‌ കുമാർ ഭല്ലയ്‌ക്ക് ഇന്നലെ രാജിക്കത്തു കൈമാറി. സംസ്‌ഥാന നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിനു നോട്ടീസ്‌ നൽകിയതിനു പിന്നാലെയാണു നടപടി.

മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ ഭല്ല ഇന്നു നിശ്‌ചയിച്ചിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കിയതായി അറിയിച്ചു. നിയമസഭ മരവിപ്പിച്ചതായി പ്രഖ്യാപനം നടത്തിയ ഗവർണർ അടിയന്തരമായി ന്യൂഡൽഹിക്കു തിരിക്കുകയും ചെയ്‌തു. 2027 വരെ സർക്കാരിനു കാലാവധിയുണ്ടെങ്കിലും സംസ്‌ഥാനത്ത്‌ രാഷ്‌ട്രപതിഭരണം പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്‌ഡയുമായും ഇന്നലെ കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെയാണു ബിരേൻ സിങ്‌ രാജി സമർപ്പിച്ചത്‌. സഭയിൽ കോൺഗ്രസ്‌ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതയും ബി.ജെ.പിക്കുള്ളിൽ ബിരേൻ സിങ്ങിനെതിരേയുള്ള എതിർപ്പും കണക്കിലെടുത്താണു രാജി തീരുമാനം. കുക്കി വിഭാഗത്തിൽപെട്ടവരടക്കം 12 ബി.ജെ.പി. എൽ.എൽ.മാർ നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം ആറുപേർ കൂടി ചാഞ്ചാടിനിൽക്കുകയാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സ്‌പീക്കറും മുഖ്യമന്ത്രിയും തമ്മിലും ഭിന്നതയുണ്ട്‌.

വിശ്വാസവോട്ടെടുപ്പിൽ ഈ എം.എൽ.എമാർ പാർട്ടി വിപ്പ്‌ അനുസരിക്കാതിരുന്നാൽ സർക്കാർ കടുത്ത പ്രതിസന്ധിയിലാകുമെന്നു സംബിത്‌ പത്ര പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. കലാപത്തിൽ മുഖ്യമന്ത്രിക്കുള്ള പങ്ക്‌ സംബന്ധിച്ച കേസ്‌ ദിവസങ്ങൾക്കുള്ളിൽ കോടതി പരിഗണിക്കാനിരിക്കുന്നതും പാർട്ടി കേന്ദ്ര നേതൃത്വം കണക്കിലെടുത്തു. പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നുമുള്ള രാജി സമ്മർദം അവഗണിച്ചിരുന്ന ബിരേൻ സിങ്‌ ഒടുവിൽ വഴങ്ങിയത്‌ ഈ സാഹചര്യത്തിലാണ്‌. മണിപ്പൂരിലെ ജനങ്ങളെ ഇത്രയും നാൾ സേവിക്കാൻ കഴിഞ്ഞത്‌ ബഹുമതിയാണെന്ന്‌ ഗവർണർക്കു കൈമാറിയ രാജിക്കത്തിൽ സിങ്‌ പറഞ്ഞു.

കോൺറാഡ്‌ സാങ്‌മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ്‌ പാർട്ടി (എൻ.പി.പി.)യുടെ ഏഴ്‌ അംഗങ്ങൾ നേരത്തെ ഭരണമുന്നണിക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. 60 അംഗ നിയമസഭയിൽ അപ്പോഴും എൻ.ഡി.എയ്‌ക്ക് 49 അംഗങ്ങളുണ്ട്‌. ബി.ജെ.പി.-38, നാഗാ പീപ്പിൾസ്‌ ഫ്രണ്ട്‌(എൻ.പി.എഫ്‌)- 6, ജെ.ഡി.യു.-2, സ്വതന്ത്രർ-3. പ്രതിപക്ഷത്ത്‌ കോൺഗ്രസിനും കുക്കി പീപ്പിൾസ്‌ അലയൻസിനും രണ്ടു വീതം അംഗങ്ങൾ മാത്രമാണുള്ളത്‌. എന്നാൽ, പാർട്ടിക്കുള്ളിലെ വിമതനീക്കം സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നാണു ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തൽ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ തിളക്കം ഇതുവഴി നഷ്‌ടപ്പെടരുതെന്നും പാർട്ടി ആഗ്രഹിക്കുന്നു.
ഇന്ന്‌ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന്‌ കോൺഗ്രസ്‌ സംസ്‌ഥാന അധ്യക്ഷൻ കെയ്‌ഷാം മേഘചന്ദ്ര സിങ്‌ നേരത്തെ വ്യക്‌തമാക്കിയിരുന്നു. 2023 മേയ്‌ മൂന്നിനു മണിപ്പുരിൽ വംശീയകലാപം തുടങ്ങിയതിനു ശേഷം ബി.ജെ.പി. നേതൃത്വത്തിലുള്ള സർക്കാരിനെതിരേ അവതരിപ്പിക്കുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്‌. ബിരേൻ സിങ്ങിനെ എതിർക്കുന്ന ബി.ജെ.പി. അംഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും കോൺഗ്രസ്‌ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. മണിപ്പുരിനെ പിടിച്ചുലച്ച കുക്കി-മേയ്‌തേയ്‌ സംഘർഷത്തിൽ ഇതുവരെ 250 ലേറെപേർ കൊല്ലപ്പെട്ടെന്നാണ്‌ ഔദ്യോഗികഭാഷ്യം. നിരവധി വീടുകളും ദേവാലയങ്ങളും അഗ്നിക്കിരയായി. അരലക്ഷത്തിലധികംപേർ വീടുവിട്ടുപോയി.

കലാപത്തിന്‌ അവസാനം കുറിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാർട്ടിയിൽനിന്നും മുറവിളി ഉയർന്നിരുന്നെങ്കിലും ബിരേൻ സിങ്‌ ചെവിക്കൊണ്ടിരുന്നില്ല. ഇതെല്ലാം അവഗണിച്ചും ബി.ജെ.പി. കേന്ദ്രനേതൃത്വം ബിരേൻ സിങ്ങിനൊപ്പം നിലകൊണ്ടു. അതിനിടെ സംഘർഷത്തിന്‌ ഇരകളായവരോട്‌ അപ്രതീക്ഷിതമായി കഴിഞ്ഞ ഡിസംബർ 31 നു നടത്തിയ ഖേദപ്രകടനം മേയ്‌തേയ്‌ വിഭാഗക്കാരനായ ബിരേൻ സിങ്ങിന്റെ അനുനയ നീക്കമായി വിലയിരുത്തപ്പെടുകയും ചെയ്‌തു.

You might also like

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

The Government of Canada provides an update regarding the 2026 wildfire season

കാനഡയിൽ കാട്ടുതീ രൂക്ഷം: 41 ലക്ഷം ഹെക്ടർ വനം കത്തിനശിച്ചു; ജനങ്ങൾക്ക് ജാഗ്രതാനിർദേശം

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

IPC Midwest Region Annual Convention in San Antonio in September

ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബറിൽ സാൻ അന്തോണിയോയിൽ

Top Picks for You
Top Picks for You