newsroom@amcainnews.com

പറഞ്ഞതുപോലെ പ്രവർത്തിച്ച് ട്രംപ്; കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്താൻ അമേരിക്ക, ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ

ന്യൂയോർക്ക്: ഇറക്കുമതി തീരുവയിൽ പറഞ്ഞത് പോലെ ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചു. കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്താനാണ് തീരുമാനം. ചൊവ്വാഴ്ച മുതൽ പുതിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരും. കാനഡയിൽനിന്ന് അമേരിക്കയിലേക്ക് എത്തുന്ന ക്രൂഡ് ഉത്പന്നങ്ങൾക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏർപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കുന്നത് വരെയായിരിക്കും ഈ തീരുവയെന്നാണ് നിർദേശം. അന്താരാഷ്ട്ര രംഗത്ത് പുതിയ വ്യാപാര യുദ്ധതിന് കളമൊരുക്കുന്ന നീക്കം കൂടിയാണ് ട്രംപിന്റേത്.

തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിർദേശിച്ചിരിക്കുന്നത്. താരിഫുകൾ സംബന്ധിച്ച മൂന്ന് വ്യത്യസ്ത എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ‘നമ്മൾ അമേരിക്കക്കാരെ സംരക്ഷിക്കേണ്ടതുണ്ട്, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രസിഡന്റ് എന്ന നിലയിൽ എന്റെ കടമയാണ്. നമ്മുടെ അതിർത്തികളിലൂടെ അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയുമെന്ന് എന്റെ പ്രചാരണ വേളയിൽ ഞാൻ വാഗ്ദാനം ചെയ്തു അമേരിക്കക്കാർ വൻതോതിൽ അതിനെ അനുകൂലിച്ച് വോട്ട് ചെയ്തു’ സോഷ്യൽ മീഡിയയിലൂടെ ട്രംപ് വ്യക്തമാക്കി.

‘നിയമവിരുദ്ധരായ വിദേശികളും മയക്കുമരുന്നുകളും ഉയർത്തുന്ന അസാധാരണ ഭീഷണി ഒരു “ദേശീയ അടിയന്തരാവസ്ഥ”. ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളാണ് യു എസ് ചരിത്രത്തിലെ ഏറ്റവും മോശമായ അതിർത്തി പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ബൈഡന്റെ നേതൃത്വത്തിൽ 10 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിൽ ചൈനീസ് പൗരന്മാരുടെയും തീവ്രവാദ നിരീക്ഷണ പട്ടികയിലുള്ളവരുടെയും എണ്ണവും വർദ്ധിച്ചുവരുന്നു.’ വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തന്നെ ചില രാജ്യങ്ങൾക്കുമേൽ അമേരിക്കയും വലിയ രീതിയിൽ തീരുവ ചുമത്തുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചില രാജ്യങ്ങൾ വലിയ തീരുവ ചുമത്തുന്നുണ്ട്. അത്തരം രാജ്യങ്ങൾക്കും തിരിച്ചും അമേരിക്ക വലിയ തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

‘അമേരിക്കൻ ജനതയ്ക്ക് ദോഷം ചെയ്യുന്ന രാജ്യങ്ങൾക്ക് ഞങ്ങളും താരിഫ് ഏർപ്പെടുത്താൻ പോകുകയാണ്. നമ്മെ ദ്രോഹിച്ചുകൊണ്ട് അവർ സ്വന്തം രാജ്യത്തെ മികച്ചതാക്കാൻ നോക്കുന്നു. മറ്റ് രാജ്യങ്ങളുടെ നേട്ടത്തിനായി നമ്മുടെ പൗരന്മാരുടെ മേൽ നികുതി ചുമത്തുന്നതിന് പകരം നമ്മുടെ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങൾക്കുമേൽ താരിഫുകളും നികുതികളും ചുമത്തുകയാണ് വേണ്ടത്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

നേരത്തെ കൊളംബിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ഇത്തരമൊരു പ്രഖ്യാപനത്തിലേക്ക് ട്രംപ് നീങ്ങിയത്. ‘അനധികൃത കുടിയേറ്റക്കാരുള്ള ഈ വിമാനങ്ങൾ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ നിരസിച്ചത് അമേരിക്കയുടെ ദേശീയ സുരക്ഷയെയും പൊതു സുരക്ഷയെയും അപകടത്തിലാക്കി. അതിനാൽ ഇനിപ്പറയുന്നതും നിർണായകവുമായ പ്രതികാര നടപടികൾ ഉടനടി സ്വീകരിക്കാൻ ഞാൻ എന്റെ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്,’ ഡൊണാൾഡ് ട്രംപ് അന്ന് അഭിപ്രായപ്പെട്ടു.

You might also like

ഇന്ധനവില കുതിപ്പ്: കാനഡയിലെ വിനോദസഞ്ചാര മേഖലയ്ക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും തിരിച്ചടി

ആൽബർട്ടയിൽ ടൂറിസം കുതിക്കുന്നു, പക്ഷേ ജോലിക്ക് ആളില്ല; വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

നികുതി ഇളവുകളും പുതിയ സാമ്പത്തിക നയങ്ങളുമായി ഒൻ്റാരിയോ ബജറ്റ് 2026

ഇന്ധനവില വർദ്ധനവ്: കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്

അനധികൃത കുടിയേറ്റം തടയാൻ കാനഡ; ബിൽ C-12 പ്രാബല്യത്തിൽ

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് കൂടുതൽ സമയം; സമയപരിധി നീട്ടി അമേരിക്കൻ പ്രസിഡന്റ്

Top Picks for You
Top Picks for You