newsroom@amcainnews.com

എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് വി ഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യപ്രതിഭ എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. എം ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളം ഉള്ളിത്തോളം കാലം എം ടിക്ക് മരണമില്ലെന്നാണ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞത്.

പ്രതിപക്ഷ നേതാവിൻറെ അനുശോചന സന്ദേശം

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്. ആ പേനയിൽ നിന്ന് ‘ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ’ ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി. ‘നിങ്ങൾ എന്തിന് എഴുത്തുകാരനായി എന്ന് ഒരാൾ ചോദിച്ചാൽ എനിക്ക് പറയാനറിയാം. ആദ്യം മുതൽക്കെ ഞാൻ മറ്റൊന്നുമായിരുന്നില്ല’ – എന്ന് എം.ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അർത്ഥവത്താണ്. അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്. മനുഷ്യനേയും മനുഷ്യനേയും ചേർത്ത് നിർത്തിയ സ്‌നേഹ സ്പർശമായിരുന്നു എം.ടി. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌ക്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു. ‘വടക്കൻ വീരഗാഥ’യിലെ ചന്തുവിനെ കണ്ട ശേഷമാണ് വില്ലൻമാരെന്ന് സമൂഹം മുദ്രകുത്തിയവരെ കുറിച്ച് ഞാൻ മാറി ചിന്തിച്ച് തുടങ്ങിയത്. ‘നിർമ്മാല്യ’ത്തിലെ വെളിച്ചപ്പാട് ഭയപ്പെടുത്തി. ‘സദയ’ത്തിലെ സത്യനാഥൻ എന്നെ അസ്വസ്ഥനാക്കി. ‘സുകൃത’ത്തിലെ രവിശങ്കർ നോവായി മനസിൽ നിന്നു. ‘പരിണയ’ത്തിലെ ഉണ്ണിമായ അന്തർജനത്തിന്റെ നിസഹായാവസ്ഥ പിടിച്ചുലച്ചു. എം.ടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാൻ. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജ്ജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം. ‘മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്’. ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ എം.ടി ഇങ്ങനെ പറയുന്നു. പക്ഷേ, ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നു.

കെ സുധാകരൻറെ അനുശോചന സന്ദേശം

എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു.ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു.ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ കഥകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു.അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാർ ഏറ്റെടുത്തത്. വൈകാരിക സംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലർത്തിയ സാഹിത്യകാരനാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികൾ ഓരോന്നിനെയും മികവുറ്റതാക്കി.മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരൻ എംടിയുടെ വേർപാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ അനുശോചനം

മലയാള സാഹിത്യത്തിൽ ഇതിഹാസമായിരുന്നു എം.ടി വാസുദേവൻനായർ. തലമുറകളെ പ്രചോദിപ്പിച്ച എം.ടിക്ക് മലയാളമുള്ളിടത്തോളം കാലം മരണമില്ല. മനുഷ്യമനസിന്റെ വ്യഥകളും വിഹ്വലതകളും മോഹങ്ങളും മോഹഭംഗങ്ങളുമെല്ലാം കാല്പനികതയുടെ ചായം ചാലിച്ച് അദ്ദേഹം വരച്ചിട്ടു. കാലാതിവർത്തിയായ രചനകളാണ് എം.ടിയുടേത്. സാഹിത്യം, സിനിമ, പത്രപ്രവർത്തനം തുടങ്ങി എം.ടിതൊട്ടതെല്ലാം പൊന്നായി മാറി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു മഹനായ ആ സാഹിത്യകാരനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You