newsroom@amcainnews.com

താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീക്ഷണി ഏറ്റു; നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയൻ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടിൽനിന്ന്‌ പിന്മാറി കൊളംബിയ

വാഷിങ്ടൺ: അമേരിക്കയിൽനിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയൻ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടിൽനിന്ന്‌ പിന്മാറി കൊളംബിയ. സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന്‌ കൊളംബിയൻ സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ കൊളംബിയൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോ പറഞ്ഞെങ്കിലും പിന്നീട് പിന്മാറി.

തിരിച്ചയക്കുന്ന പൗരന്മാരെ കുറ്റവാളികളെപ്പോലെ പരിഗണിച്ച് സൈനിക വിമാനങ്ങളിൽ അയക്കരുതെന്നാണ് കൊളംബിയൻ പ്രസിഡൻറ് ആവശ്യപ്പെട്ടത്. സാധാരണ വിമാനങ്ങളിൽ അയക്കണമെന്ന് ആവശ്യപ്പെട്ടു. പൌരന്മാരുടെ അന്തസ്സ് പരിഗണിക്കണമെന്നാണ് കൊളംബിയൻ പ്രസിഡന്റ് പറഞ്ഞത്. സൈനിക വിമാനങ്ങളെ ഇറങ്ങാൻ അനുവദിക്കില്ലെന്ന് പെട്രോ പറഞ്ഞു. പിന്നാലെയാണ് കൊളംബിയയ്ക്ക് എതിരെ ഉപരോധവും അധിക നികുതിയും ട്രംപ് പ്രഖ്യാപിച്ചത്. ഉപരോധം പിൻവലിച്ചില്ലെങ്കിൽ യുഎസ് ഉല്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് കൊളംബിയയും വ്യക്തമാക്കി.

പിന്നീട് കൊളംബിയ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. കൊളംബിയ ഈ കരാറിനെ മാനിച്ചില്ലെങ്കിൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തിരിച്ചെത്തുന്ന കൊളംബിയക്കാരെ രാജ്യം സ്വീകരിക്കുമെന്ന് കൊളംബിയയുടെ വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ പറഞ്ഞു. നാട് കടത്തുമ്പോൾ പൗരന്മാർ എന്ന നിലയിൽ അവരുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കൊളംബിയ പറഞ്ഞു. പൌരന്മാരെ കൊണ്ടുവരാൻ തൻറെ രാജ്യം വിമാനങ്ങൾ അയക്കുമെന്ന് ഗുസ്താവോ പെട്രോ നേരത്തെ പറഞ്ഞിരുന്നു. ഇനി ഈ വിമാനങ്ങളിലാണോ കുടിയേറ്റക്കാരെ കൊണ്ടുവരികയെന്ന് ഇപ്പോൾ വ്യക്തമല്ല.

അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് വിമാനത്തിൽ എത്തിച്ചതിനെതിരെ ബ്രസീൽ സർക്കാരും രംഗത്തെത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെടാനാണ് ബ്രസീൽ സർക്കാരിൻറെ തീരുമാനം. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

“വിമാനത്തിൽ, അവർ ഞങ്ങൾക്ക് വെള്ളം നൽകിയില്ല. ഞങ്ങളുടെ കൈകാലുകൾ കെട്ടിയിരിക്കുകയായിരുന്നു. അവർ ബാത്ത്റൂമിലേക്ക് പോകാൻ പോലും അനുവദിച്ചില്ല. സാങ്കേതിക തകരാർ കാരണം നാല് മണിക്കൂർ വിമാനത്തിൽ എസിയില്ലായിരുന്നു. ചിലർ ബോധംകെട്ടുവീണു”- വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You