കാനഡയിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി പുതിയ റിപ്പോർട്ട്. യുവാക്കളായ പ്രൊഫഷണലുകൾ ഈ മേഖല ഉപേക്ഷിക്കുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. എം.ഇ.ഐ എന്ന പബ്ലിക് പോളിസി ഗ്രൂപ്പ് നടത്തിയ പഠനത്തിൽ, നഴ്‌സിങ് ജോലിയിൽ പ്രവേശിക്കുന്ന 35 വയസ്സിന് താഴെയുള്ള 100-ൽ, 40 പേരും വൈകാതെ തന്നെ മേഖല വിട്ടുപോകുന്നു എന്നാണ് കണ്ടെത്തിയത്.
നഴ്‌സിങ് ഒഴിവുകൾ അഞ്ച് വർഷത്തിനിടെ മൂന്നിരട്ടിയായി വർദ്ധിച്ചു. 2018-ൽ 13,178 ആയിരുന്നത് 2023-ൽ 41,716 ആയി ഉയർന്നു. എന്നിട്ടും ഈ മേഖല തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയുകയാണ്. മോശം തൊഴിൽ സാഹചര്യങ്ങളും ജോലിയിൽ ഫ്ലെക്സിബിലിറ്റി ഇല്ലാത്തതുമാണ് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. ദീർഘമായ ജോലി സമയവും, നിർബന്ധിത ഓവർടൈമും എല്ലാം നഴ്‌സുമാരിൽ അതൃപ്തി ഉണ്ടാക്കുന്നതായും റിപ്പോർട്ടുണ്ട്.
യുവാക്കളെ നിലനിർത്തുന്നതിൽ ഏറ്റവും വലിയ ഇടിവ് സംഭവിച്ച പ്രവിശ്യകളിലൊന്ന് ഒൻ്റാരിയോയാണ്. ഒരു ദശാബ്ദം മുൻപ് 100 പുതിയ നഴ്‌സുമാരിൽ 22 പേരാണ് ജോലി ഉപേക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴത് ഏകദേശം 38 ആയി ഉയർന്നു. ഫ്ലെക്സിബിൾ ഷിഫ്റ്റ് ഷെയറിംഗ് സംവിധാനം ഉള്ളതിനാൽ ബ്രിട്ടീഷ് കൊളംബിയ കൂടുതൽ നഴ്‌സുമാരെ നിലനിർത്തുന്നു. കൂടാതെ, വിദേശത്ത് പരിശീലനം ലഭിച്ച നഴ്‌സുമാർക്ക് ലൈസൻസ് നേടാൻ എളുപ്പമുള്ള സാഹചര്യവും ഇവിടെയുണ്ട്.
യുവാക്കളായ നഴ്‌സുമാർ ഈ മേഖല ഉപേക്ഷിക്കുന്നതിലൂടെ പരിശീലനച്ചെലവ് വർദ്ധിക്കുകയും ആരോഗ്യരംഗത്തെ അനുഭവസമ്പത്ത് കുറയുകയും ചെയ്യുന്നുവെന്ന് എം.ഇ.ഐ മുന്നറിയിപ്പ് നൽകി. പരിശീലനത്തിനായി കൂടുതൽ പണം മുടക്കുന്നതിന് പകരം, നഴ്‌സിങ് ഷെഡ്യൂളുകൾ കൂടുതൽ ഫ്ലെക്സിബിളായ രീതിയിൽ പരിഷ്കരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.







